കോഴിക്കോട്: മുക്കം കാലിക്കറ്റ് എൻ.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്‌ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വർഷത്തേക്കുള്ള സസ്പെൻഷൻ നടപടിയാണ് വിദ്യാർഥി സമരത്തെ തുടർന്ന് പിൻവലിച്ചത്. വൈശാഖ് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്പെൻഷൻ പിൻവലിച്ചത്.
എൻ.ഐ.ടിയ്ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം നാല് വരെയാണ് അവധി വിവിധ വിദ്യാർത്ഥി സംഘടനകള്‍ നടത്തിയ മാർച്ചിൻ്റെയും സംഘർഷത്തിൻ്റേയും പശ്ചാത്തലത്തില്‍ ആണ് അവധി.
സസ്പെൻഷൻ: കാംപസിന് അകത്തും പുറത്തും പ്രതിഷേധം
വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാർച്ചിനിടെ സംഘർഷം. എസ്.എഫ്.ഐ., കെ.എസ്.യു., ഫ്രറ്റേണിറ്റി മൂവ്മെൻറ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപസിനുമുന്നില്‍ പ്രതിഷേധസമരങ്ങള്‍ നടന്നത്. കാംപസിനകത്ത് സ്റ്റുഡൻറ്സ് യൂണിയന്റെ നേതൃത്വത്തിലും വൻപ്രതിഷേധം സംഘടിപ്പിച്ചു. രാത്രി വൈകുംവരെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിദ്യാർഥിക്കുനേരേയുള്ള സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാൻ എൻ.ഐ.ടി. അധികൃതർ തീരുമാനിച്ചു.
വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നടത്തിയ മാർച്ചിനിടെ പോലീസും വിദ്യാർഥികളും തമ്മില്‍ ഏറ്റുമുട്ടി. എൻ.ഐ.ടി. കവാടത്തിനുമുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് എസ്.എഫ്.ഐ. പ്രവർത്തകർ കാംപസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗം മിഥുൻ പന്തീരാങ്കാവ്, ഏരിയാപ്രസിഡൻറ് യാസിൻ എന്നിവർക്ക് പരിക്കേറ്റു.
വൈകീട്ട് ഏഴുമണിയോടെ കട്ടാങ്ങലില്‍നിന്നാരംഭിച്ച പ്രകടനം എൻ.ഐ.ടി. കവാടത്തിനുമുന്നില്‍ പോലീസ് തടയുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം കാംപസ് കവാടത്തിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു.
കെ.എസ്.യു. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എൻ.ഐ.ടി. കാംപസിനുമുന്നില്‍ പ്രതിഷേധത്തെരുവും ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ മാർച്ച് കാംപസ് ഗേറ്റിനുമുന്നില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ കാംപസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി .
പ്രതിഷേധത്തിന്റെ ഭാഗമായി കാംപസ് കവാടത്തിനുമുന്നില്‍ കെ.എസ്.യു. പ്രവർത്തകർ രാജ്യത്തിന്റെ ത്രിവർണഭൂപടം തീർത്തു. പ്രതിഷേധപരിപാടിക്കുശേഷം കെ.എസ്.യു. നേതാക്കള്‍ കാംപസിനകത്ത് പ്രതിഷേധിക്കുകയായിരുന്ന എൻ.ഐ.ടി.യിലെ വിദ്യാർഥികളെ സന്ദർശിക്കാനൊരുങ്ങിയത് പോലീസ് തടഞ്ഞതോടെ കെ.എസ്.യു. പ്രവർത്തകരും പോലീസും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി .
പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാംപസിലെ സ്പിരിച്വാലിറ്റി ആൻഡ് സയൻസ് (എസ്.എൻ.എസ്.) ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് നാലാംവർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. കാംപസിലെ അച്ചടക്കസമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ സസ്പെൻഡ് ചെയ്തത്. മെഡിക്കല്‍ കോളേജ് ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാത്രിയിലും കാംപസിനുപുറത്ത് ക്യാമ്പ് ചെയ്തു.
എൻ.ഐ.ടി. കവാടങ്ങള്‍ വിദ്യാർഥികള്‍ ഉപരോധിച്ചു
സസ്പെൻഡ് ചെയ്ത വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.ടി.യിലെ വിദ്യാർഥികള്‍ കാംപസിലെ പ്രധാന കവാടങ്ങളെല്ലാം ഉപരോധിച്ചു. സ്റ്റുഡൻറ്സ് യൂണിയന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച ഉപരോധം രാത്രിവരെ നീണ്ടു.
പുറത്തേക്ക് കടക്കാനുള്ള കവാടങ്ങളെല്ലാം വിദ്യാർഥികള്‍ റോഡിലിരുന്ന് ഉപരോധിച്ചതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ ഏറെനേരം കാംപസിനകത്ത് കുടുങ്ങി. എൻ.ഐ.ടി.യുടെ പ്രധാന കവാടത്തിനകത്തും കമ്ബനിമുക്ക് ഭാഗത്തെ കവാടത്തിനകത്തും നൂറുകണക്കിന് വിദ്യാർഥികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് റോഡിലിരുന്നു. വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കുമെന്ന അറിയിപ്പ് പുറത്തുവരുംവരെ ഉപരോധം തുടർന്നു. തെറ്റായനടപടിയില്‍ പ്രതിഷേധിക്കുന്നവർക്കുനേരേ നടപടിയെടുത്ത് അധികൃതർ കാംപസിനെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതായി വിദ്യാർഥികള്‍ ആരോപിച്ചു .
















