അറസ്റ്റിനെതിരേ ഹേമന്ത് സോറന്‍റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്.

  
അറസ്റ്റിനെതിരേ ഹേമന്ത് സോറന്‍ ആദ്യം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോറന്റെ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാല്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കണമെന്നും സോറന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് വെള്ളിയാഴ്ച കേള്‍ക്കാന്‍ സമ്മതിച്ചത്.

സോറന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിഷയം ഹൈക്കോടതിയിലുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍, ഗുരുതരമായ വിഷയമാണിതെന്നും ഒരു മുഖ്യമന്ത്രിയെ ഇതുപോലെ എങ്ങനെ അറസ്റ്റ് ചെയ്യാനാകുമെന്നും സിബല്‍ ചോദിച്ചു. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു