ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിപറയാന്‍ മാറ്റി. ഭരണഘടനയുടെ 30-ാം അനുച്ഛേദപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച നിയമപ്രശ്‌നമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എട്ട് ദിവസം നീണ്ട വാദങ്ങളില്‍ പരിശോധിച്ചത്.
അലിഗഢ് സര്‍വകലാശാല സ്ഥാപിച്ചത് മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണെന്നത് മറക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ സ്ഥാപനത്തേയും ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് സാധിക്കുമെന്നും കോടതി പറഞ്ഞു.
അലിഗഢ് കേന്ദ്ര സര്‍വകലാശാലയാണെന്നും അതിന് ന്യൂനപക്ഷ പദവി കല്‍പ്പിച്ചുനല്‍കാനാവില്ലെന്നും 1968-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ 1981-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കിയെങ്കിലും 2006-ല്‍ അലഹബാദ് ഹൈക്കോടതി അത് റദ്ദാക്കി. അതിനെതിരായ അപ്പീലുകള്‍ പരിഗണിക്കവേ 2019-ലാണ് സുപ്രീംകോടതി വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്.