ദുബൈ: അര്‍ബുദ രോഗികള്‍ക്കും രോഗത്തെ അതിജീവിച്ചവര്‍ക്കും പ്രത്യാശ സൃഷ്ടിക്കുകയും ആരോഗ്യ മേഖലയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയുമെന്ന ലക്ഷ്യത്തോടെ ‘റിങ് ഫോര്‍ ലൈഫ്’ പദ്ധതിക്കു തുടക്കമായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോ ആയ അറബ് ഹെൽത്തിലാണ് അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയും പിന്തുണയുമേകുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ (ബി.എം.സി) പുതിയ സംരംഭം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത അറബ് ഗായികയും അര്‍ബുദരോഗ അതിജീവിതയുമായ എലിസ മണിമുഴക്കി നിര്‍വഹിച്ചു. അര്‍ബുദ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ ആഹ്ലാദ സൂചകമായി മണിമുഴക്കുന്നതില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അറബ് ഹെല്‍ത്തിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ബൂത്തില്‍ ബി.എം.സി റിങ് ഫോര്‍ ലൈഫ് ആരംഭിച്ചത്.
അറബ് ലോകത്ത് അര്‍ബുദരോഗ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് എലിസ പറഞ്ഞു. തന്റെ സഹോദരിയും പിതാവും അര്‍ബുദം ബാധിച്ച് മരിക്കുകയായിരുന്നു. എന്നാല്‍, അര്‍ബുദത്തെ ആരംഭത്തിലേ കണ്ടെത്തിയതിനാല്‍ തനിക്ക് രോഗത്തെ അതിജീവിക്കാനായി. പതിവായി പരിശോധന നടത്തുന്നത് സ്തനാര്‍ബുദം കണ്ടെത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ് സി.ഇ.ഒ. ജോണ്‍ സുനില്‍, ഗ്രൂപ് സി.ഒ.ഒ സഫീര്‍ അഹമ്മദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റുമായ ഒമ്രാന് അല്‍ ഖൂരി, ബി.എം.സി ഡെപ്യൂട്ടി സി.ഇ.ഒ ആയിഷ അല്‍ മുഹൈരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അര്‍ബുദ ചികിത്സാ രംഗത്തെ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് സഹായകരമാകും വിധം ഉപയോഗപ്പെടുത്താനും പ്രതീക്ഷയും പ്രചോദനവും വളര്‍ത്താനുമാണ് ശ്രമമെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു