ദുബൈ: ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ നിരക്കിൽ നേരിയമാറ്റം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വില ആറ് ഫിൽസ് വരെ കൂടുകയും ഡീസൽ വില ഒരു ഫിൽസ് കുറയുകയും ചെയ്തു. തുടർച്ചയായ മൂന്നു മാസം പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് നേരിയ വർധന രേഖപ്പെടുത്തിയത്. ഫെബ്രുവരി മാസത്തിൽ സ്പെഷൽ, ഇ പ്ലസ് പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസാണ് കൂടിയത്. സൂപ്പർ 98 പെട്രോളിന് ആറ് ഫിൽസും വർധിച്ചു. സൂപ്പർ പെട്രോളിന്റെ വില 2.82 ദിർഹമിൽ നിന്ന് 2.88 ദിർഹമായും സ്പെഷൽ പെട്രോൾ 2.71 ദിർഹമിൽ നിന്ന് 2.76 ദിർഹമായും വർധിച്ചു. ഇ പ്ലസിന്റെ നിരക്ക് 2.64 ദിർഹമിൽ നിന്ന് 2.69 ദിർഹമായും വർധിച്ചു.
ഡീസലിന് ഒരു ഫിൽസ് കുറഞ്ഞ് നിരക്ക് 3.00 ദിർഹമിൽ നിന്ന് 2.99 ഫിൽസായി. ഇന്ധനവില നിർണയ സമിതിയാണ് പുതിയ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനനിരക്ക് നിശ്ചയിക്കുന്നത്.
നവംബറിലും ഡിസംബറിലും ജനുവരിയിലും രാജ്യത്ത് ഇന്ധന വില കുറഞ്ഞിരുന്നു. ആഗോള സാഹചര്യത്തിൽ ഫെബ്രുവരിയിൽ വിലവർധനവുണ്ടായേക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, വലിയ നിരക്ക് വർധനവില്ലാത്തത് വലിയ ആശ്വാസമാണ് താമസക്കാർക്ക് നൽകുന്നത്. നിരക്ക് മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ ടാക്സി, ബസ് നിരക്കുകളും മാറാൻ സാധ്യതയുണ്ട്. 2015 മുതലാണ് യു.എ.ഇ എല്ലാ മാസവും ഇന്ധനവില പുതുക്കുന്ന സംവിധാനം ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു