റിയാദ്: ഗാർഹിക ജോലിക്കാർക്ക് നിർബന്ധിത ഇൻഷുറൻസ് നിയമം വ്യാഴാഴ്ച മുതൽ നടപ്പാവും. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. മുസാനിദ് പ്ലാറ്റ്ഫോം വഴി ആദ്യം വരുന്നവരുടെ കരാറുകൾക്കാണ് ഇൻഷുറൻസ് സേവനം മാനവ വിഭവശേഷി വികസന മന്ത്രാലയം നിർബന്ധമാക്കിയത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാർ പ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്. വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ് പ്ലാറ്റ്ഫോം.
ജോലിയിൽനിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹിക ജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരുകൂട്ടർക്കും ഇൻഷുറൻസിലൂടെ ലഭിക്കുക. റിക്രൂട്ട്മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം.
ആദ്യ രണ്ട് വർഷത്തേക്കുള്ള ഇൻഷുറൻസ് റിക്രൂട്ട്മെൻറ് ഓഫിസും തൊഴിലുടമയും തമ്മിലെ കരാർ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കും. രണ്ട് വർഷത്തിന് ശേഷം ഇൻഷുറൻസ് എടുക്കണോ വേണ്ടയോയെന്ന് തൊഴിലുടമക്ക് തീരുമാനിക്കാനാവും. ഗാർഹിക തൊഴിലാളി വേതന സംരക്ഷണ പരിപാടി, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള ഏകീകൃത കരാർ പ്രോഗ്രാം എന്നിവ ഇതിന് മുമ്പ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
കരാർ അവകാശങ്ങൾ സംരക്ഷിക്കുകയും ഇരുകക്ഷികളുടെയും ബാധ്യതകൾ വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഇരുകക്ഷികളെയും ബന്ധിപ്പിക്കുന്ന ഏകീകൃത കരാർ. വിവിധ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനുള്ള നിരവധി സംയുക്ത കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
2023 തുടക്കം മുതലാണ് മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിൽ ഈ സേവനം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണം 1,75,000 ലധികമെത്തി. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 36.4 ലക്ഷമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു