ഗസ്സ സിറ്റി: ഒരു മാസമായി ഇൻകുബേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ഹന്ന അബൂഅംശ ഒരിക്കൽപോലും മാതൃസ്പർശമറിഞ്ഞിട്ടില്ല. ഇനി അനുഭവിക്കുകയുമില്ല. ഇസ്രായേൽ തൊടുത്ത മിസൈൽ വീടിനുമുകളിൽ പതിച്ച് മാതാവ് പിടഞ്ഞുവീഴുമ്പോൾ സിസേറിയൻ വഴി പുറത്തെടുത്തതായിരുന്നു ഹന്നയെ. പേരുവിളിക്കാൻ, ജന്മം നൽകിയവൾ ജീവനോടെ ബാക്കിയായില്ല. ദെയ്ർ അൽബലഹിനെ ആശുപത്രി ജീവനക്കാരായിരുന്നു മാതാവിന്റെ പേരുചേർത്ത് വിളിച്ചത്. ഹന്ന ഇപ്പോഴുമുണ്ട്, കൊതിയോടെ മാതാവിനെ കാത്ത് ആശുപത്രി കിടക്കയിൽ.
ഗസ്സയിൽ ഇസ്രായേൽ നാലു മാസത്തോളമായി തുടരുന്ന വംശഹത്യയിൽ 11,500 കുട്ടികൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇസ്രായേൽ ബോംബുകൾ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒരു വിവരവുമില്ലാതെ അനേകായിരം വേറെ. പരിക്കേറ്റ്, അതും ഒരിക്കൽ പോലും എഴുന്നേറ്റ് നിൽക്കാമെന്ന പ്രതീക്ഷയില്ലാതെ ആശുപത്രികളിലും തമ്പുകളിലുമായി അതിലേറെ പേർ.
Read also: റഷ്യൻ തെരഞ്ഞെടുപ്പ്: ബോറിസ് നദിസ്ദിൻ മത്സരിക്കും
ഇതിനൊക്കെ പുറമെയാണ് യൂറോ- മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിടുന്ന മറ്റൊരു കണക്ക്. മാതാപിതാക്കളെ പൂർണമായോ ഒരാളെയോ നഷ്ടപ്പെട്ട 24,000ത്തിലേറെ കുരുന്നുകൾ ഗസ്സയിൽ മാത്രമുണ്ടെന്ന് സംഘടന പറയുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് ആശുപത്രിക്കിടക്കയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന 10 വയസ്സുകാരൻ ഇബ്രാഹിം അബൂ മൂസ അതിലൊരുവനാണ്. മാതാവും പിതാമഹനും സഹോദരിയും നഷ്ടമായത് അവനറിയുന്നത് ഏറെ വൈകിയാണ്. ആശുപത്രിയിൽ മറ്റൊരിടത്ത് അവരും ചികിത്സയിലാണെന്നായിരുന്നു ഏറനാൾ അവനെ വിശ്വസിപ്പിച്ചത്. എന്നാൽ, പിതാവിന്റെ ഫോൺ വെറുതെ തുറന്നുനോക്കിയപ്പോൾ കണ്ട ചിത്രങ്ങളാണ് അവനെ യാഥാർഥ്യത്തിലേക്ക് കണ്ണുതുറപ്പിച്ചത്.
അൽബുറൈജ് അഭയാർഥി ക്യാമ്പിൽ മാതാവിന്റെ മടിയിലാണ് മിസൈൽ പതിച്ചതെന്നും ദിവസങ്ങളെടുത്താണ് അവരുടെ മൃതദേഹാവശിഷ്ടങ്ങൾ പെറുക്കിയെടുത്തതെന്നും മറ്റൊരു അനാഥനായ ആബിദ് ഹുസൈൻ പറയുന്നു. ഉമ്മയും ഉപ്പയും ഒന്നിച്ചാണ് ഒറ്റ മിസൈലിൽ അവർക്ക് നഷ്ടമായത്. ഇതിന്റെ കടുത്ത വേദനകൾക്കിടയിൽ ഭക്ഷണവും കുടിവെള്ളവുമില്ലാത്ത പ്രയാസം കൂടിയാകുമ്പോൾ എന്തു ചെയ്യുമെന്നാണ് അവരെ കുഴക്കുന്നത്. റൊട്ടിയുണ്ടാക്കാൻ ഗോതമ്പുപൊടി വാങ്ങാൻ പോയപ്പോഴായിരുന്നു കിൻസ ഹുസൈന്റെ പിതാവ് കൊല്ലപ്പെട്ടത്.
Read also: ഇത്യോപ്യ കൊടുംപട്ടിണിയിൽ; ദിവസങ്ങൾക്കിടെ 400 മരണം
കണ്ണുകൾ വീണുപോയ മൃതദേഹം മുന്നിൽ കിടത്തിയ കാഴ്ച കിൻസയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. 17 ലക്ഷം പേർ അഭയാർഥികളായ ഗസ്സയിൽ മുതിർന്ന ആരും നോക്കാനില്ലാത്ത 19,000 കുട്ടികളുടെ പരിചരണമാണ് ഏറ്റവും വലിയ വേവലാതിയെന്ന് കുട്ടികൾക്കായുള്ള യു.എൻ സംഘടന യൂനിസെഫ് പറയുന്നു. പലരെയും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പെറുക്കിയെടുത്തതാണെന്നും ആരോരുമില്ലാത്തവരാണെന്നും സംഘടനയുടെ ഫലസ്തീൻ പ്രതിനിധി ജെനാഥൻ ക്രിക്ക് പറയുന്നു. ചെറുപൈതലുകൾ പലർക്കും പേരുപോലും പറയാനറിയാത്തതിനാൽ തിരിച്ചറിയൽ പോലും ദുഷ്കരമായ അവസ്ഥ.