ഇസ്ലാമാബാദ്: ജീവിതം സപ്തതിയിലേക്ക് പ്രവേശിക്കുമ്പോൾ ഇംറാൻ ഖാന് കാരാഗൃഹയോഗം മാത്രമല്ല; ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യംകൂടിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായപ്പോൾ തന്നെ പ്രതീക്ഷിച്ചതാണിത്.
സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ അവർക്ക് വിദേശത്തുനിന്ന് കിട്ടുന്ന നയതന്ത്ര സമ്മാനങ്ങൾ സർക്കാറിന് പതിച്ചുനൽകുന്നൊരു പരിപാടിയുണ്ട് പാകിസ്താനിൽ. അതിനായി അവിടെ പ്രത്യേകമൊരു ട്രഷറിയുമുണ്ട് -തോഷാഖാന. തനിക്ക് കിട്ടിയ സമ്മാനങ്ങൾ പൂർണമായും ഇംറാൻ തോഷാഖാനയിലേക്ക് നൽകിയില്ലെന്നും ആ വകയിൽ 14 കോടി പാകിസ്താൻ രൂപയുടെ അഴിമതി നടത്തിയെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനാണ് അദ്ദേഹത്തിനെതിരെ ആദ്യം കേസെടുത്തത്.
പതിനായിരം കോടിയുടെ അഴിമതി ഇടപാട് നടത്തിയ മറ്റു രാഷ്ട്രീയ നേതാക്കൾപോലും നേരിട്ടിട്ടില്ലാത്ത നിയമവ്യവഹാരമാണ് ഇംറാനുമേൽ വന്നുപതിച്ചത്. ഒരു കാരണവശാലും ഇംറാനെ വെറുതെ വിടരുതെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചപോലെ. ജയിൽശിക്ഷയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യതയും ഉറപ്പാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽനിന്ന് മടങ്ങിയത്.
അതിൽപിന്നെ, അദ്ദേഹം പഞ്ചാബ് പ്രവിശ്യയിലെ അത്തോക്ക് ജയിലിലാണ്. 96മുതൽ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഇംറാൻ തരംഗം ദൃശ്യമായത് 2011ലെ ലാഹോർ റാലിയോടെയായിരുന്നു. പിന്നീട് അതൊരു ജനകീയ പ്രസ്ഥാനമായി വളരുകയും ചെയ്തു. ആ തരംഗമിപ്പോൾ രാഷ്ട്രീയ പ്രതിയോഗികളുടെ ഗൂഢാലോചനയിൽ അസ്തമിക്കുകയാണ്.
തോഷാഖാന കേസ്
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിച്ച സമ്മാനങ്ങൾ അനധികൃതമായി സൂക്ഷിച്ച കേസിലാണ് നടപടി. സമ്മാനങ്ങൾ സൂക്ഷിക്കാനുള്ള ഔദ്യോഗിക വകുപ്പായ തോഷാഖാനയിൽ ഏൽപിക്കണമെന്നാണ് വ്യവസ്ഥ. ചെറിയ തുകക്കുള്ളവ മാത്രമാണ് സൂക്ഷിക്കാൻ അനുമതി. വിലയുടെ 50 ശതമാനം നൽകിയും എടുക്കാം. എന്നാൽ, വൻതുക വിലയുള്ള 108 ഉപഹാരങ്ങൾ തോഷാഖാനയിൽ ഏൽപിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്നാണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു