ദുബൈ: കഞ്ചാവുമായി ദുബൈ വിമാനത്താവളത്തിൽ പിടിയിലായ യുവാവിന് 10,000 ദിർഹം പിഴ ശിക്ഷ വിധിച്ച് ദുബൈ കോടതി. 25കാരനായ യൂറോപ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിർമിച്ച ഉപകരണവുമാണ് ഇയാളിൽ നിന്ന് പിടികൂടിയിരുന്നത്.
തുടർന്ന് എയർപോർട്ട് കസ്റ്റംസ് പ്രാഥമിക കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി 10,000 ദിർഹം പിഴയും നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു.
ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച ദുബൈ കോടതി പിഴശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് റദ്ദാക്കി. നാട്ടിൽ ഉപയോഗിച്ചിരുന്ന കഞ്ചാവ് യു.എ.ഇയിലേക്കുള്ള യാത്രക്കിടെ അബദ്ധത്തിൽ ലഗേജിൽ അകപ്പെട്ടതാണെന്നായിരുന്നു ഇയാളുടെ വാദം.
എന്നാൽ, യു.എ.ഇയിൽ നിരോധിച്ച മരുന്ന് കൈവശംവെച്ചതിന് പിഴ ഈടാക്കിയ പ്രാഥമിക കോടതി നടപടി ശരിവെക്കുകയായിരുന്നു. തന്റെ പേരിൽ ക്രിമിനൽ റെക്കോഡില്ലെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്.
ദുബൈയിൽ വന്നിറങ്ങിയ യുവാവിന്റെ ലഗേജിൽ മരുന്നുകൾ സൂക്ഷിച്ച ബോക്സിലാണ് കാപ്സ്യൂൾ രൂപത്തിൽ സൂക്ഷിച്ച ആയുർവേദ ഗുളികകൾ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് പരിശോധനയിൽ ഇത് കഞ്ചാവാണെന്ന് തെളിയുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു