ബാലി ∙ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റായി വീണ്ടും നിയമിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ജയ് ഷാ ഈ പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നത്. ഇൻഡൊനേഷ്യയിലെ ബാലിയിൽ നടന്ന എസിസി വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവയുടെ നിർദേശത്തിന് മറ്റംഗങ്ങള്‍ ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു.
ബംഗ്ലദേശിന്റെ നസ്മുൽ ഹസന്റെ പിൻഗാമിയായി 2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി എസിസിയുടെ തലപ്പത്ത് എത്തിയത്. 2022ലും 2023ലും ഏഷ്യാകപ്പ് ടൂർണമെന്റുകൾ സംഘടിപ്പിച്ചത് ജയ് ഷായുടെ നേതൃത്വത്തിലായിരുന്നു. 2022ൽ ട്വന്റി20 ഫോർമാറ്റിലും 2023ല്‍ ഏകദിന ഫോർമാറ്റിലുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. എസിസി അംഗങ്ങളെ നന്ദി അറിയിച്ച ജയ് ഷാ ക്രിക്കറ്റിനെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു.