ക്വാലലംപുര്‍∙ മലേഷ്യയിൽ പുതിയ രാജാവായി ചുമതലയേറ്റ ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്കന്ദറിന് (65) 5.7 ബില്യൻ ഡോളറിന്റെ സ്വത്തും വൻ വ്യവസായ സാമ്രാജവുമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ്, ഖനനം ,ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ തുടങ്ങിയ മേഖലകളിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ അധിപനാണ് സുൽത്താൻ ഇബ്രാഹിം. ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ രാജാവിന്റെ കുടുംബസ്വത്തിന്റെ തെളിവാണ്.
അഡോൾഫ് ഹിറ്റ്ലർ സമ്മാനിച്ചതായി കരുതപ്പെടുന്ന കാർ ഉൾപ്പെടെ 300ലധികം ആഡംബര കാറുകളുടെ ശേഖരവും സ്വർണ്ണവും നീലയും നിറമുള്ള ബോയിങ് 737, സ്വകാര്യ ജെറ്റ് വിമാനങ്ങളും രാജാവിനുണ്ട്. ഇതിനു പുറമെ രാജാവിന്റെ കുടുംബത്തിന് സ്വകാര്യ സൈന്യവുമുണ്ട്.
ബ്ലൂംബെർഗ് കണക്കാക്കിയ 5.7 ബില്യൻ ഡോളറിനെക്കാൾ വലുതാണ് സുൽത്താൻ ഇബ്രാഹിമിന്റെ സ്വത്തെന്ന് കരുതപ്പെടുന്നു.
മലേഷ്യയിലെ പ്രമുഖ സെൽ സേവന ദാതാക്കളിൽ ഒന്നായ യു മൊബൈലിലെ 24% ഓഹരിയും സ്വകാര്യ, പൊതു കമ്പനികളിൽ 588 മില്യൻ അധിക നിക്ഷേപവും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള വിശാലമായ പ്രദേശമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ 4 ബില്യൻ ഡോളർ വിലമതിക്കുന്ന ഭൂമിയും അദ്ദേഹത്തിനുണ്ട്. സുൽത്താന്റെ നിക്ഷേപ പോർട്ട്ഫോളിയോ 1.1 ബില്യൻ ഡോളറാണ്. ഓഹരി, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയിൽ നിന്നുള്ള ഗണ്യമായ വരുമാനകുതിപ്പാണ് നിക്ഷേപ പോർട്ട്ഫോളിയോയിലെ കുതിപ്പിന് കാരണം.
read also…കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റിൽ
അലങ്കാരിക പദവി
രാജാവിന് മലേഷ്യയിൽ അലങ്കാരിക പദവിയാണ്. എങ്കിലും ആചാരപരമായ ഈ പദവിക്ക് പുറമെ മലേഷ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ സവിശേഷ സ്ഥാനമുണ്ട്. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, ആഡംബര ജീവിതം തുറന്ന് കാണിക്കുന്ന ജീവിത ശൈലി സുൽത്താൻ ഇബ്രാഹിം പ്രകടിപ്പിക്കുന്നുണ്ട്. സിംഗപ്പൂരിന്റെ നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും പ്രമുഖ ചൈനീസ് ഡെവലപ്പർമാരുമായുള്ള വ്യവസായിക ബന്ധവും രാജ്യത്തെ ആഭ്യന്തര, വിദേശ നയങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയേക്കും.