അൽ ഖുർമ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് അൽ ഖുർമയിൽ നിന്നും മടങ്ങിയ ശേഷം വീണ്ടും ഒരു സംവത്സരത്തിന് ശേഷം ഹ്രസ്വ സന്ദർശനത്തിനെത്തിയ കാസർകോട് അബ്ദുൽ ഖാദറിനെ സ്നേഹാദരങ്ങൾ നൽകി കെ.എം.സി.സി പ്രവർത്തകർ സ്വീകരിച്ചു. സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും ഏറെ സുപരിചിതനും വിശ്വസ്തനുമായ ജോലിക്കാരനായിരുന്നു വി.വി അബ്ദുൽ ഖാദർ. വയറിങ്, പ്ലംബിങ്, പടവ്, തേപ്പ്, ടൈൽസ് വർക്ക് തുടങ്ങി എല്ലാ ജോലികളും അദ്ദേഹം ഒറ്റക്ക് ചെയ്യുമായിരുന്നു. മേഖലയിൽ മലയാളിയുടെ ഖ്യാതി വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു അബ്ദുൽ ഖാദർ. മുൻപരിചയക്കാരും അടുത്ത് സൗഹൃദം പുലർത്തിയവരുമായ സ്വദേശികൾ അദ്ദേഹത്തെ വീടുകളിലേക്ക് കൊണ്ടുപോയി ഹൃദ്യമായി സൽക്കരിച്ചതും വേറിട്ട അനുഭവമായി.
ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് അൽപദിവസത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങും. അൽ ഖുർമ കെ.എം.സി.സി മുൻ പ്രസിഡൻറ് കൂടിയായ വി.വി അബ്ദുൽ ഖാദറിന് കെ.എം.സി.സി നൽകിയ സ്വീകരണം ഏറെ ഹൃദ്യമായി. പഴയകാല തൊഴിൽ സാഹചര്യങ്ങളും സംഘടനാ പ്രവർത്തനവും ഓർത്തെടുത്ത് വിവരിച്ചപ്പോൾ ശ്രോതാക്കൾക്ക് അത് നവ്യാനുഭവമായിരുന്നു. കക്ഷി രാഷ്ട്രീയ സംഘടന ഭേദമന്യേ അൽ ഖുർമയിലെ മുഴുവൻ മലയാളികളുടെയും സംഗമമായി കെ.എം.സി.സിയുടെ സ്വീകരണ പരിപാടി മാറിയതും അദ്ദേഹത്തിനുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നത്.
ജാലിയാത്ത് മലയാളം വിഭാഗം മേധാവി സമീർ സ്വലാഹി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ് അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ബാസ് ബഡേരി പൊന്നാട അണിയിച്ചു. ഷുക്കൂർ ചങ്ങരംകുളം, ശ്രീജിത്ത് കണ്ണൂർ, യൂസഫ് അച്ചനമ്പലം, ഹസൻ ഹസനി, അബൂബക്കർ സിദ്ദീഖ്, വിനോദ് കേയൻ, നവാസ് സുൽത്താനി, കെ.സി ഇസ്മാഈൽ, സിദ്ദീഖ് കണ്ണൂർ, അഷ്റഫ് മാറഞ്ചേരി, കുഞ്ഞാലിക്കുട്ടി എം.യൂസഫ് പാലക്കാട്, ശിഹാബ് നാലുപുരക്കൽ, റാഷിദ് പൂങ്ങോട് തുടങ്ങിയവർ സംസാരിച്ചു. വി.വി അബ്ദുൽ ഖാദർ സ്വീകരണത്തിന് മറുപടി പറഞ്ഞു. ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും സാദിഖ് ഹറമൈൻ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു