റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ചംപൈ സോറൻ ആണ് പുതിയ മുഖ്യമന്ത്രി. ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഹേമന്ത് സോറന്റെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ചംപൈ സോറൻ.
”ചംപൈ സോറനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞക്ക് ക്ഷണിക്കാൻ ഗവർണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്”-രാജ്ഭവന് പുറത്ത് മാധ്യമങ്ങളെ കണ്ട് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.
ചംപൈ സോറനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി കോൺഗ്രസ് എം.എൽ.എ രാജേഷ് ഠാക്കൂറും പറഞ്ഞു. മുഴുവൻ എം.എൽ.എമാരും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെ.എം.എം എം.എൽ.എമാർ ഗവർണറെ കാണാനായി രാജ്ഭവനിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.ഡി ഓഫീസിന് 100 മീറ്റർ പരിധിയിലും നിരോധനാജ്ഞയാണ്. അട്ടിമറി നീക്കം തടയാൻ മുഴുവൻ ജെ.എം.എം എം.എൽ.എമാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു