അബൂദബി: യു.എ.ഇയിലെ ഫെഡറൽ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഹെവി വാഹനങ്ങൾക്ക് വഹിക്കാവുന്ന പരമാവധി ഭാരവും അളവും പുനർ നിർണയിച്ച് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം. ആക്സിലുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുക. രണ്ട് ആക്സിലുകൾ മാത്രമുള്ള വാഹനങ്ങൾക്ക് വഹിക്കാവുന്ന പരമാവധി ഭാരം 21 ടൺ ആണ്. മൂന്ന് ആക്സിലുള്ളതിന് 34 ടൺ വരെയും നാല് ആക്സിലുള്ളതിന് 45 ടൺ വരെയും അഞ്ച് ആക്സിലുള്ളതിന് 56 ടൺ വരെയും ആറ് ആക്സിലുള്ള വാഹനത്തിന് 65 ടൺ വരെയും ഭാരം വഹിക്കാം.
സിംഗിൾ ഹെവി വാഹനങ്ങളിൽ കയറ്റുന്ന വസ്തുക്കളുടെ പരമാവധി നീളം 12.5 മീറ്ററാണ്. വീതി 2.5 മീറ്ററും ഉയരം 4.6 മീറ്ററുമായിരിക്കും. ട്രക്കുകൾക്കും സെമി ട്രെയ്ലറുകൾക്കും 21 മീറ്റർ നീളം വരെയുള്ള വസ്തുക്കൾ കയറ്റാം. പരമാവധി വീതി 2.6 മീറ്ററും ഉയരം 4.6 മീറ്ററുമായിരിക്കണം. ട്രക്ക് ഹെഡ്, ട്രെയ്ലർ, സെമി ട്രെയ്ലർ വാഹനങ്ങളുടെ പരമാവധി നീളം 28 മീറ്ററാണ്. വീതി 2.6 മീറ്ററും ഉയരം 4.6 മീറ്ററുമായിരിക്കണം. ചെറു വാഹനങ്ങൾ കയറ്റുന്ന ഹെവി വാഹനങ്ങൾക്ക് ആകെ നീളം 23 മീറ്ററും വീതി 2.6 മീറ്ററും ഉയരം 4.75 മീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിച്ചാൽ പരമാവധി 15,000 ദിർഹമാണ് പിഴ. നിശ്ചയിച്ച പരമാവധി ഭാരത്തിനപ്പുറം ആക്സിലിന്റെ ഭാരം കൂടിയാൽ ഓരോ ട്രിപ്പിനും 1,500 ദിർഹം പിഴ നൽകേണ്ടിവരും. വീതിയും നീളവും നിശ്ചിത പരിധിക്കപ്പുറം കൂടിയാൽ ഓരോ ട്രിപ്പിനും 3,000 ദിർഹം പിഴ നൽകേണ്ടിവരും. ഭാരം നിർണയിക്കുന്ന കേന്ദ്രങ്ങളിൽ മനഃപൂർവം നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ 5,000 ദിർഹം പിഴയീടാക്കും. ചരക്ക് കയറ്റാനുള്ള പെർമിറ്റിന് വിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപെട്ടാലും 5,000 ദിർഹം പിഴ നൽകേണ്ടിവരും. ഒരു മാസത്തിനിടെ തുടർച്ചയായി നിയമം ലംഘിക്കുകയോ പിഴത്തുക 45,000 ദിർഹത്തിന് മുകളിൽ വരുകയോ ചെയ്താൽ വാഹനം പിടിച്ചെടുക്കുകയോ 30 ദിവസത്തേക്ക് വാഹനം നിരത്തിലിറക്കുന്നത് നിരോധിക്കുകയോ ചെയ്യും. വാഹനം കസ്റ്റഡിയിലെടുത്ത ഓരോ ദിവസത്തിനും 200 ദിർഹം പിഴ ഈടാക്കിയ ശേഷം മാത്രമേ വാഹനം വിട്ടുനൽകൂ. വാഹനത്തിലുള്ള ചരക്കിന്റെ തൂക്കം, നീളം, വീതി തുടങ്ങിയ അളവുകൾ രേഖപ്പെടുത്താനുള്ള ഉപകരണം വാഹനത്തിൽ സൂക്ഷിക്കണം. അതോറിറ്റി അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വെക്കാവൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു