മുളവുകാട്: ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം തടവ്. മുളവുകാട് സ്വദേശി ജോൺസൺ ഡിസിൽവയെയാണ് കോടതി ശിക്ഷിച്ചത്. തോപ്പുംപടി പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ ആയിരുന്ന ജോൺസൺ ഡിസിൽവ 06/05/15-ൽ ആണ് അധ്യാപികയായ ഭാര്യ മെർലിനെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയത്. ആലപ്പുഴയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന മെർലിന് ആലപ്പുഴ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കലഹം നിലനിന്നിരുന്നു. സംഭവദിവസം ഏക മകൾ കോഴിക്കോട്ടുള്ള ഭാര്യ വീട്ടിൽ ആയിരുന്നു. തലേന്ന് രാത്രി ഇവർ തമ്മിൽ കലഹം ഉണ്ടാവുകയും ജോൺസൺ ഡിസിൽവ മുൻകൂട്ടി വാങ്ങി വെച്ചിരുന്ന കത്തികൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ വിലയിരുത്തിയാണ് പ്രതിയെ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയത്. മുൻപ് കോഴിക്കോട് ജോലി ചെയ്യുമ്പോൾ കോഴിക്കോട് സ്വദേശിയായ ഒരാൾക്ക് വൻതോതിൽ സാമ്പത്തിക സഹായം നൽകുകയും ആ പണം നഷ്ടപ്പെടാൻ ഇടയായതും പ്രതിക്ക് കൂടുതൽ പ്രകോപനമായി. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
read also…അനധികൃത സ്വത്ത് സമ്പാദനക്കേസ്, മുൻ മന്ത്രി കെ ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി
പ്രതിയുടെ ഭാഗത്തു നിന്ന് ആത്മഹത്യശ്രമമുണ്ടായെങ്കിലും ശിക്ഷയിൽ നിന്നും പ്രതിയെ കോടതി ഒഴിവാക്കി. എറണാകുളം ആറാം അഡീഷണൽ ജില്ലാ ജഡ്ജി ശ്രീ. സി .കെ. മധുസൂദനാണു ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സി ഐ ആയിരുന്ന ഫ്രാൻസിസ് ഷെൽബിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി. ടി. ജെസ്റ്റിൻ,അഡ്വ. ജ്യോതി കെ. എന്നിവർഹാജരായി.