സംസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നിട്ടും വലിയ രീതിയിൽ വർത്തയായിട്ടും മൂന്ന് മാസം കഴിയുന്നു. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തൃശൂർ ചേര്‍പ്പിലെ ഹൈ റിച്ച് കമ്പനി ഉടമകൾ കെ.ഡി.പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വിചാരണക്കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയിൽ ഹാജരാക്കി.
ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്‍ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നെന്ന് നിക്ഷേപകര്‍ പറയുന്നു. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. അടുത്തത് എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍, ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.
സമാനമായ ആരും മറക്കാനിടയില്ലാത്ത മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി പറയണം. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീൺ റാണയുടെ കഥ. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആണ് പരാതി ലഭിച്ചത്.
കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ തുടങ്ങി നിരവധി പദ്ധതികളിലാണ് താൻ പണം മുടക്കിയതെന്ന് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ റാണയെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈറിച്ച് കേസിലാകട്ടെ നൂറ് കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തില്‍ റെയ്ഡിനെത്തിയ ഇഡിയുടെ മുന്നിലൂടെയാണ് പ്രതാപനും ഭാര്യയും വിശ്വസ്തനായ ഡ്രൈവറും കടന്നു കളഞ്ഞത്. ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി 2 ന് ആണ് കോടതി പരിഗണിക്കുക. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന ഫെബ്രുവരി 2 ലേക്ക് മാറ്റി വെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം