ന്യൂഡൽഹി∙ ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷൻ വക്താവ് അറിയിച്ചു. ഈ വാഹനങ്ങളുടെ എമിഷൻ, സുരക്ഷ എന്നിവ സംബന്ധിച്ച് ഒരു പ്രശ്നവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
Read also: ലോകത്തിലെ ഏറ്റവും വിൽപനയുള്ള കാറായി ടെസ്‌ല മോഡൽ വൈ ഇലക്ട്രിക്
സർട്ടിഫിക്കേഷൻ അധികൃതരുമായി ചേർന്ന് പ്രശ്ന പരിഹാരത്തിനു ശ്രമിക്കുകയാണ്. എന്നാൽ ഈ മോഡലുകളുടെ ബുക്കിങ് സ്വീകരിക്കുന്നതു തുടരുമെന്നു ടികെഎം അറിയിച്ചു. ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ട് വിതരണം ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് വിശദീകരണം നൽകും. ഇതിനു ശേഷവും വാഹനങ്ങൾ ലഭിക്കണം എന്നു നിർബന്ധമുള്ളവർക്ക് അവ റജിസ്റ്റർ ചെയ്തു നൽകും. ഉപയോക്താക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് കമ്പനി ഖേദം പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ