ദോഹ: ഏഷ്യൻകപ്പ് ഫുട്ബാൾ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ബുധനാഴ്ച സമാപനം. അവസാന ദിനത്തിൽ ഗൾഫ് സംഘമായ ബഹ്റൈനും കിരീട സാധ്യതയിൽ മുൻനിരയിലുള്ള ജപ്പാനും തമ്മിൽ അൽ തുമാമ സ്റ്റേഡിയത്തിലും കരുത്തരായ ഇറാനും സിറിയയും തമ്മിൽ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലും മാറ്റുരക്കും. ഗ്രൂപ് ‘എ’യിൽനിന്ന് ജേതാക്കളായാണ് ബഹ്റൈൻ പ്രീക്വാർട്ടറിൽ ഇടം നേടിയതെങ്കിൽ, ‘ഡി’യിൽ ഇറാഖിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ഹജിമെ മൊറിയാസുവിന്റെ ജപ്പാൻ പട.
കിരീട സ്വപ്നങ്ങളുമായെത്തിയ ജപ്പാന് പ്രതീക്ഷിച്ച തുടക്കം ഗ്രൂപ്പ് റൗണ്ടിൽ ലഭിച്ചില്ലെന്ന വിമർശനങ്ങൾക്കിടെയാണ് മിന്നുംഫോമിലുള്ള ബഹ്റൈനെതിരെ ബൂട്ടുകെട്ടുന്നത്. തകുമി മിനാമിനോ, വതാരു എൻഡോ, തകേഹിരോ തൊമിയാസു, തകേഫുസ കുബോ തുടങ്ങി മിന്നും താരങ്ങൾ തങ്ങളുടെ മികവിന്റെ പൂർണതയിലേക്കുയർന്നിട്ടില്ലെന്നത് കോച്ച് ഹജിമെയെയും നിരാശപ്പെടുത്തുന്നു.
Read also: എ.ഐ.എഫ്.എഫിലെ പ്രശ്നങ്ങൾ: കല്യാൺ ചൗബേ രാജിവെക്കണമെന്ന് ബൈച്യുങ് ബൂട്ടിയ
ടീമിലെ വലിയ പ്രതീക്ഷകൾ സമ്മർദമായി മാറുന്നുവെന്നതായിരുന്നു കോച്ചിന്റെ വാക്കുകൾ. അതേസമയം, തങ്ങൾ മാത്രമല്ല, ഏഷ്യൻ ഫുട്ബാളിലെ ടീമുകളെല്ലാം മികച്ച നിലവാരത്തിലേക്കുയരുന്നതായും മുൻനിര ടീമുകളും താഴെയുള്ള ടീമുകളും തമ്മിൽ കളിമികവിലെ വ്യത്യാസം കുറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച ജപ്പാൻ, കഴിഞ്ഞ വർഷം ജർമനി ഉൾപ്പെടെ വമ്പൻ ടീമുകളെ അട്ടിമറിക്കുകയും ചെയ്താണ് ഏഷ്യൻ കപ്പിലെത്തുന്നത്. അതേസമയം, ഇറാഖിനോടേറ്റ തോൽവി ഉൾപ്പെടെ വഴങ്ങുന്ന ഗോളുകളും ഭീഷണിയാണ്. പ്രതിരോധം കൂടി ശക്തിപ്പെടുത്തിയാകും ബഹ്റൈനെതിരെ ബൂട്ടുകെട്ടുകയെന്ന് കോച്ച് വിശദീകരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു