മുംബൈ: ടെസ്റ്റിൽ മോശം ഫോമിലുള്ള ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ. വെറ്ററൻ താരം ചേതേശ്വർ പൂജാരക്ക് ലഭിക്കാത്ത പ്രത്യേക പരിഗണനയാണ് ടീമിൽ ഗില്ലിന് ലഭിക്കുന്നതെന്ന് കുംബ്ലെ പറഞ്ഞു.
24കാരനായ ഗിൽ കഴിഞ്ഞ 11 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി പോലും നേടിയിട്ടില്ല. കഴിഞ്ഞ വർഷം അഹ്മദാബാദിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നേടിയ 128 റൺസാണ് താരത്തിന്റെ മികച്ച പ്രകടനം. അതിനുശേഷമുള്ള താരത്തിന്റെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ 36 ആണ്. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 23 റൺസിനും രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനും താരം പുറത്തായി.
Read also: മകനെ കാണാൻ ആഗ്രഹമുണ്ട്;സംസാരിച്ചിട്ടു അഞ്ച് മാസങ്ങളായി: ശിഖർ ധവാൻ
മോശം ഫോം തുടരുമ്പോഴും താരത്തെ ടീമിൽ നിലനിർത്തുന്നതിൽ വ്യാപക വിമർശനമുണ്ട്. ‘നൂറിലധികം ടെസ്റ്റുകൾ കളിച്ച പൂജാരക്കുപോലും ലഭിക്കാത്ത പ്രത്യേക ഇരിപ്പിടമാണ് ഗില്ലിന് ടീമിൽ നൽകുന്നത്’ -കുംബ്ലെ പറഞ്ഞു. പൂജാര കളിച്ച മൂന്നാം നമ്പറിലാണ് ഗിൽ ബാറ്റിങ്ങിനിറങ്ങുന്നത്. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് പൂജാര അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. കഴിഞ്ഞമാസം രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി (243 നോട്ടൗട്ട്) പൂജാര തിളങ്ങിയിരുന്നു.
വരാനിരിക്കുന്ന ടൂർണമെന്റുകൾ മുൻനിർത്തി യുവതാരങ്ങൾക്കാണ് ടീമിൽ പരിഗണന നൽകുന്നതെന്നാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നായകൻ രോഹിത് ശർമ പറഞ്ഞത്. ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ യുവതാരമായ ഗിൽ ബാറ്റിങ്ങിൽ മാറ്റം വരുത്തണമെന്നും മാനസിക സമ്മർദങ്ങളെ മറികടക്കണമെന്നും കുംബ്ലെ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു