പുൽപള്ളി: കബനിയുടെ തീരത്തെ കൊളവള്ളിയിൽ മുള പാർക്ക് ഒരുങ്ങുന്നു. മൂന്നേക്കർ സ്ഥലത്താണ് ബാംബൂ കോർപറേഷന്റെ സഹായത്തോടെ മുള നട്ടുവളർത്തുന്നത്. കബനി നദീതീരത്ത് ജൈവവേലി കൂടിയായി മാറുകയാണ് ഈ മുളന്തോട്ടം.
ഏതാനും വർഷം മുമ്പ് സംസ്ഥാന സർക്കാർ കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെ കബനി തീരത്ത് ജൈവവേലിക്ക് പദ്ധതി തയാറാക്കിയിരുന്നു. അന്ന് പദ്ധതിയുടെ ഉദ്ഘാടനം നടത്തി കുറെ തൈകൾ നട്ടിരുന്നു. അവയെല്ലാം പിന്നീട് കന്നുകാലികൾക്ക് തീറ്റയായി. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ പാഴായത്.
Read also: ആവശ്യക്കാരില്ല: വില്പന കുറഞ്ഞ് വയ്ക്കോൽ
ഈ സ്ഥലത്തുനിന്ന് അധികം ദൂരത്തല്ല പുതിയ മുളന്തോട്ടം ഉയരുന്നത്. രണ്ടു വർഷത്തിലധികം പ്രായമുള്ള മുളന്തൈകളെല്ലാം വലുതായിത്തുടങ്ങി. സംസ്ഥാന സർക്കാറിന് കീഴിലുള്ള ബാംബു കോർപറേഷനാണ് മുളന്തൈകൾ നൽകിയത്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിനാണ് ഇതിന്റെ പരിപാലന ചുമതല നൽകിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികളെല്ലാം നടത്തിയിരിക്കുന്നത്.
ഇതിന്റെ സംരക്ഷണത്തിന് കാവൽക്കാരനെയും നിർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുളന്തോട്ടം മികച്ച രീതിയിൽ രൂപപ്പെട്ടുവരുകയാണ്. കൊളവള്ളി കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ബാംബു പാർക്കുകൂടി വരുന്നതോടെ ഇവിടേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കബനിയുടെ സൗന്ദര്യം ആസ്വദിക്കാനും ഈ പ്രദേശത്തുനിന്നാൽ കഴിയും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഈ ഭാഗത്തുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു