പാലക്കാട്:പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. രണ്ടു കേസുകളിലായി 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അസ്സം ബര്‍പേട്ട സ്വദേശി ഹൈദര്‍ അലി (63) ആണ് അറസ്റ്റിലായത്.റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ മൂന്ന് ബാഗുകളിലായി 19.180 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോട് കൂടിയാണ് ഏകദേശം ഒൻപതര ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിന്നും കണ്ടെടുത്തത്.
പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി, യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് സംശയിക്കുന്നത്. ഇതിനുപിന്നാലെ സ്റ്റേഷന്റെ പ്രധാന കവാടം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടയിൽ 11.40 മണിയോട് കൂടിയാണ് രണ്ടു കിലോ കഞ്ചവുമായി അസ്സം ബർപേട്ട സ്വദേശി അറുപത്തിമൂന്നു വയസ്സുള്ള ഹൈദർ അലി പിടിയിലാകുന്നത്.സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി മാസത്തിൽ മാത്രം ഇതുവരെ ഏകദേശം 100 കിലോയിലധികം കഞ്ചാവും 6 പ്രതികളെയും റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്.
ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ.പി സുനിൽകുമാർ കെ, സിവിൽ എക്സൈസ് ഓഫീസർ ബെൻസൺ ജോർജ്, എക്സൈസ് ഡ്രൈവർ രാഹുൽ എന്നിവരാണുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു