മനാമ: മത്സ്യ സമ്പദ് മേഖലയുടെ വളർച്ചക്കും സുസ്ഥിരതക്കും ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ ചെയർമാനും ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, എണ്ണ, പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന എന്നിവരെ സാഫിരിയ്യ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങളാവശ്യമാണെന്നും അതോടൊപ്പം മത്സ്യകൃഷി ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രാദേശികമായ ആവശ്യം മുന്നിൽക്കണ്ട് ഇക്കാര്യത്തിൽ നടപടികളുണ്ടാകണം. രാജ്യത്തെ പ്രധാന ഭക്ഷ്യവസ്തു എന്നനിലക്ക് മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സമുദ്ര സമ്പത്ത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമദ് രാജാവിന്റെ നിർദേശങ്ങൾക്ക് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പ്രത്യേകം നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു