കുവൈത്ത്സിറ്റി: കുവൈത്തിൽ പുനരാരംഭിച്ച കുടുംബവിസക്ക് പ്രവാസികൾക്കിടയിൽ വലിയ പ്രതികരണം. ഞായറാഴ്ചയാണ് രാജ്യത്തെ ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റുകളിൽ പ്രവാസികളിൽ നിന്ന് കുടുംബവിസക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ആദ്യ ദിവസം ആറ് ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റുകളിലായി 1,800 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1,165 അപേക്ഷകളും നിശ്ചിത വ്യവസ്ഥകൾ പാലിക്കാത്തതിനാൽ നിരസിച്ചതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയും നിരവധി പേർ അപേക്ഷകൾ സമർപ്പിച്ചു.
പുതിയ നിയമം അനുസരിച്ച് കുടുംബവിസക്ക് അപേക്ഷിക്കുന്നവർക്ക് 800 ദിനാർ ശമ്പളവും സർവകലാശാല ബിരുദവും അനിവാര്യമാണ്. അപേക്ഷകരുടെ ഭാര്യക്കും കുട്ടികള്‍ക്കുമാണ് വിസ അനുവദിക്കുക. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില പ്രഫഷനുകളെ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കുടുംബസന്ദർശന വിസകൾക്ക് നിയന്ത്രണം തുടരുകയാണ്. നിയന്ത്രണങ്ങൾക്ക് വിധേയമായി വാണിജ്യ സന്ദർശനങ്ങൾ അനുവദിക്കുന്നത് തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കുടുംബവിസക്ക് അപേക്ഷിക്കുന്നവർ പാസ്പോർട്ട്, സിവിൽ ഐഡി കോപ്പികൾ, മാസ ശമ്പളം വ്യക്തമാക്കുന്ന വർക്ക് പെർമിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡാവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു