കുവൈത്ത്സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. ഡെപ്യൂട്ടി അമീറായും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും ബഹുമാനിക്കുമെന്നും കുവൈത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യം, താൽപര്യങ്ങൾ, ഫണ്ടുകൾ എന്നിവ സംരക്ഷിക്കുമെന്നും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം, പ്രാദേശിക പവിത്രത എന്നിവ കാത്തുസൂക്ഷിക്കുമെന്നും സത്യപ്രതിജ്ഞാ വേളയിൽ പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു.
ഈ മാസം നാലിനാണ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്.
17ന് പ്രധാനമന്ത്രി പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഭരണഘടന പ്രകാരം മന്ത്രിസഭ അംഗങ്ങൾ ദേശീയ അസംബ്ലിയിലും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ഇതിനിടെ, പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന് ഡെപ്യൂട്ടി അമീറിന്റെ ചുമതലയും അമീർ നൽകി.
പുതിയ കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെ അമീർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ പ്രധാനമന്ത്രിക്കായിരിക്കും ചുമതല. ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സർക്കാറിന് ഭരണഘടനാ പ്രകാരമുള്ള പൂർണ അധികാരം കൈവന്നു. സർക്കാറിന്റെ അഭ്യർഥന മാനിച്ച് സത്യപ്രതിജ്ഞക്കായി ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ തിങ്കളാഴ്ച പ്രത്യേക സമ്മേളനം വിളിക്കുകയായിരുന്നു. സത്യപ്രതിജ്ഞ പൂർത്തിയായതോടെ ബുധനാഴ്ച പ്രത്യേക സമ്മേളനം നടത്താനും തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു