മൂന്നാർ: മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം.
ഇന്നലെ പുലർച്ചയോടെയാണ് മഞ്ഞണിഞ്ഞ മൂന്നാറിൽ താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണ് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. താപനില പൂജ്യത്തിലെത്തിയതിനെ തുടർന്നു ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.
read also..മഞ്ഞണിഞ്ഞ് മൂന്നാർ; സീസണിൽ ആദ്യമായി താപനില പൂജ്യത്തിലേക്ക്
അതേസമയം മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മൂന്നാറിൽ സാധാരണ ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി അവസാനമാണു തീവ്രമായിരിക്കുന്നത്. വരുംദിവസങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.