പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലുണ്ടായ സ്ഫോടനത്തിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) അംഗങ്ങൾ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്ക് ശേഷം പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
അതേസമയം, സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി സിബിയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബർ പാകിസ്ഥാനിലെ ഡോൺ പത്രത്തോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. പാർട്ടി പിന്തുണയുള്ള സ്ഥാനാർത്ഥി സദ്ദാം തരീൻ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ഫോടനമുണ്ടായതെന്ന് പിടിഐ നേതാവ് സലാർ ഖാൻ കാക്കർ പറഞ്ഞു.
read also…അനധികൃത സ്വത്ത് സമ്പാദനം; കോട്ടയം മെഡിക്കല്‍ കോളെജ് യൂറോളജി വിഭാഗം മേധാവിക്ക് സസ്പെന്ഷൻ
“ഹൃദയഭേദകമായ ഈ സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, പിടിഐ പ്രവർത്തകർക്ക് പകരം തീവ്രവാദികളെ അടിച്ചമർത്തുന്നതിൽ ശ്രദ്ധ ചെലുത്തണം” കാക്കർ കൂട്ടിച്ചേർത്തു. ഫെബ്രുവരി എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബലൂചിസ്ഥാൻ ചീഫ് സെക്രട്ടറിയിൽ നിന്നും പോലീസ് മേധാവിയിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.