ദുബൈ: യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾ ദിനംപ്രതി ശരാശരി 50,000 സൈബർ ആക്രമണങ്ങൾ നേരിടുകയും തടയുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ കാരണമായി ഇത്തരം ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഗവൺമെന്റ് സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. ദുബൈയിൽ നടന്ന ‘ജി.പി.ആർ.സി’ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങളുടെ എല്ലാ ശൃംഖലയും ഫിഷിങ് ഇ-മെയിൽ, റാൻസംവെയർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും ഇരയാകുന്നതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലക്കെതിരായ സൈബർ സുരക്ഷാ ആക്രമണങ്ങൾ പൊതുമേഖല അഭിമുഖീകരിക്കുന്നതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്നും ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.
സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കി അടുത്തിടെ നടത്തിയ പഠനത്തിൽ യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖല കമ്പനികൾ കഴിഞ്ഞ രണ്ടു വർഷത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടതായി കണ്ടെത്തിയിരുന്നു. സൈബർ ഭീഷണികൾക്കെതിരെ പിഴയും തടവും ഉൾപ്പെടെ കടുത്ത നടപടികളാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബറിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തടയാനും ചെറുക്കാനുമുള്ള സൈബർ സുരക്ഷ സാങ്കേതികവിദ്യകളുടെ നിർമാതാക്കളായ ഗ്രൂപ്-ഐ.ബിയുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു.
മിഡിൽ ഈസ്റ്റ്, തുർക്കിയ, ആഫ്രിക്ക മേഖലകളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച എല്ലാ വിവരങ്ങളും പങ്കിടുന്നതിനാണ് ധാരണയായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു