ദുബൈ: സ്മാർട്ട് ഗേറ്റുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് അതിവേഗം.
കഴിഞ്ഞ വർഷം നിമിഷനേരം കൊണ്ട് ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തീകരിച്ച് കടന്നുപോയത് 2.1 കോടി യാത്രക്കാരാണ്.
2022ൽ 1.35 കോടി യാത്രക്കാർ കടന്നുപോയ സ്ഥാനത്താണ് ഈ വർഷം 55 ശതമാനം വർധന രേഖപ്പെടുത്തിയത്.
ദുബൈ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സ്ഥാപിച്ച 127 സ്മാർട്ട് ഗേറ്റുകളിലൂടെയാണ് ഓഫിസർമാരുടെ സഹായമില്ലാതെ അതിവേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് സാധ്യമായത്.
യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഉൾപ്പെടെ അഞ്ച് സ്മാർട്ട് ഗേറ്റുകൾ ജി.ഡി.ആർ.എഫ്.എ സ്ഥാപിച്ചിരുന്നു. ഇതുവഴി യാത്രക്കാർക്ക് രേഖകൾ സമർപ്പിക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവും.
സ്മാർട്ട് ഗേറ്റിലെ ഗ്രീൻ ലൈറ്റിൽ മുഖം കാണിക്കുന്നതിലൂടെ മുഴുവൻ നടപടികളും വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും. കോൺകോഴ്സ് ബി, ടെർമിനൽ മൂന്നിലെ എമിറേറ്റ്സ് യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാനും ഇമിഗ്രേഷൻ ക്ലിയർ ചെയ്യാനും തിരഞ്ഞെടുത്ത ഗേറ്റുകളിലുള്ള മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ സാധിക്കും.
ഈ ഗേറ്റുകളിൽ മുഖവും കണ്ണും തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതികവിദ്യയാണ് സജ്ജീകരിച്ചിട്ടുള്ളത്.
മറ്റ് ഗേറ്റുകളും സ്പർശനരഹിതമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ പാസ്പോർട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവ സ്കാൻ ചെയ്യണം.
യു.എ.ഇ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർ രജിസ്റ്റർ ചെയ്തവരാണെങ്കിൽ സ്മാർട്ട് ഗേറ്റ് വഴി വിസ ഓൺ അറൈവൽ ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു