ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഏറെ നാളായി കോളേജിന്റെ ആവശ്യമായിരുന്ന സോളാർ എനർജി പ്ലാന്റ് എന്ന സ്വപ്നം സഫലമാവുകയാണ്. കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് പ്ലാന്റ് നിർമ്മിക്കാനുള്ള സഹായം എം.എ യൂസഫലി ഉറപ്പ് നൽകി. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ കോളേജിന് കൈമാറി.
കഴിഞ്ഞമാസം ഗുരുവായൂരിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.എ യൂസഫലി, ഹെലികോപ്റ്റർ ഇറങ്ങിത് ശ്രീകൃഷ്ണ കോളേജിലെ ഗ്രൗണ്ടിലായിരുന്നു. അന്ന് യൂസഫലിയെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പലും അധികൃതരും ചേർന്ന് സോളാർ പ്ലാന്റ് ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറുകയായിരുന്നു.
എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ വി.പീതാംബരൻ, എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് പദ്ധതി തുകയായ പത്ത് ലക്ഷത്തോളം രൂപയുടെ ചെക്ക്, ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ പി.എസ് വിജോയിക്ക് കൈമാറി. പ്രൊജക്ട് നടത്തിപ്പിനായി അനർട്ടുമായി കോളേജ് ധാരണാപത്രം ഒപ്പ് വച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
എം.എ യൂസഫലിയുടെ സഹായം കോളേജിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത്പകരുന്നതാണെന്നും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്നും ഏറെ നന്ദിയുണ്ടെന്നും പ്രിൻസിപ്പൽ പി.എസ് വിജോയ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും പഴക്കമേറിയ കോളേജുകളിലൊന്ന് കൂടിയാണ് ശ്രീകൃഷ്ണ കോളേജ്. നാക്ക് അംഗീകാരവും എ ഗ്രേഡ് റാങ്കുമുണ്ട് കോളേജിന്. കോളേജിന്റെ ആധുനികവത്കരണത്തിന് ഏറെ കൈത്താങ്ങുന്നത് കൂടിയാണ് ഈ ചുവടുവയ്പ്പ്.
ഐക്യുഎസി കോർഡിനേറ്റർ ഡോ.ശ്രീജ വി.എൻ, NAAC കോർഡിനേറ്റർ ക്യാപ്റ്റൻ. രാജേഷ് മാധവൻ, ഐക്യുഎസി അംഗങ്ങളായ ഡോ.മനു കെ.എം, ഡോ. സന്തോഷ് പി.പി, ഡോ.വിഷ്ണു, മഞ്ജു സതീഷ്, ഡോ.ജിഷ എസ് കുമാർ, കോളേജ് ഓഫീസ് ജീവനക്കാരായ രതീഷ് ശങ്കർ, സന്തോഷ് കുമാർ ടി, അനർട്ട് എഞ്ചിനീയറായ പ്രിയേഷ് കെ.വി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.