മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചുവെന്നും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.
‘ടെലിപ്പതി’യെന്നാണ് ചിപ്പിന് മസ്ക് നല്‍കിയ പേര്. തലയില്‍ ചിപ്പ് സ്ഥാപിക്കപ്പെട്ടയാള്‍ സുഖം പ്രാപിച്ച് വരുന്നുവെന്നും പോസിറ്റീവായ പ്രതികരണങ്ങളാണ് കിട്ടുന്നതെന്നും മസ്ക് സമൂഹമാധ്യമമായ എക്സില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് മനുഷ്യരില്‍ ഇംപ്ലാന്റ്‌സ് നടത്താനുള്ള അംഗീകാരം അമേരിക്കന്‍ റെഗുലേറ്റേര്‍സില്‍ നിന്നും ന്യൂറാലിങ്ക് സ്റ്റാര്‍ട് അപ്പിന് ലഭിച്ചത്.
പാര്‍ക്കിന്‍സണ് അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ന്യൂറോടെക്നോളജിയില്‍ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിന്റെ ഈ വിജയം വിലയിരുത്തപ്പെടുന്നത്.
ചിന്തിക്കുമ്പോള്‍ തന്നെ ഫോണോ കമ്പ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. തളർന്നു കിടക്കുന്ന രോഗികൾക്കു ആരുടേയും സഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും പല തരത്തിലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
സ്റ്റീഫന്‍ ഹോക്കിങ്ങിന് അതിവേഗതയുള്ള ഒരു ടൈപ്പിസ്റ്റിനേക്കാള്‍ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഘട്ടത്തേക്കുറിച്ച് ചിന്തിച്ചു നോക്കുക, അതാണ് തങ്ങളുടെ ലക്ഷ്യമെന്നും മസ്‌ക് എക്സിലൂടെ അഭിപ്രായപ്പെട്ടു.
നേരത്തേ ഈ പരീക്ഷണം നടത്തിയ കുരങ്ങുകള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളടക്കം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം