ആഴ്ചയിൽ ഒരു ദിവസമെങ്കിലും പരിപ്പു ചേർത്ത സാമ്പാർ വയ്ക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടായും ഉച്ചയൂണിനുമൊക്കെ സാമ്പാറുണ്ടാകും. അതുപോലെതന്നെ ചെറുപയറും വൻപയറുമൊക്കെ ചിലരിൽ ഗ്യാസ്ട്രബിൾ ഉണ്ടാക്കും. ധാരാളം പോഷകങ്ങൾ അടങ്ങിയതും ആരോഗ്യത്തിന് അത്യുത്തമവുമായ പയറുകളും പരിപ്പുമൊന്നും ഗ്യാസ്ട്രബിളിനെ പേടിച്ച് ഒഴിവാക്കേണ്ടതില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവ കഴിക്കുഴുണ്ടാകുന്ന പ്രശ്നങ്ങളെ പാടെ അകറ്റാവുന്നതാണ്.
പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പയറുവർഗങ്ങൾ. ദിവസവും കറികളായും മുളപ്പിച്ചുമൊക്കെ പയറുകൾ കഴിക്കുന്നതു ഏറെ ആരോഗ്യദായകമാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങളോർത്ത് ഡയറ്റിൽനിന്നു പയറുവർഗങ്ങളെ മാറ്റിനിർത്തേണ്ട. ദിവസവും ഓരോ ഇനം പയർ എന്ന നിലയിൽ കഴിക്കാവുന്നതാണ്. പരിപ്പിലും പയറിലുമൊക്കെ കാണപ്പെടുന്ന കോംപ്ലക്കാർബണുകളാണ് ഉദരപ്രശ്നങ്ങളുടെ കാരണക്കാർ. ഒലിഗോസാക്രൈഡ്സ് എന്ന പേരിലറിയപ്പെടുന്ന ഈ കാർബോഹൈഡ്രേറ്റുകൾ എളുപ്പത്തിൽ ദഹിക്കുന്നവയല്ല. ഇവയെ വിഘടിപ്പിക്കുക എന്നത് വയറിനുള്ളിലെ ബാക്റ്റീരിയകൾക്ക് ഏറെ ശ്രമകരമായ പണിയാണ്. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ടാണ് വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നത്. ഇതുമാത്രമല്ല, ലെക്ടിൻ എന്ന പ്രോട്ടീനും ഗ്യാസ്ട്രബിളിനു ഹേതുവാകാം.
Read also: നടക്കുമ്പോൾ പെട്ടന്ന് കാലുകളിൽ വേദന അനുഭവപ്പെടുന്നുണ്ടോ ? കാരണമിതാണ്
പരിപ്പിനോടും പയറിനോടുമൊക്കെ താൽപര്യമേറെയുള്ളവരാണെങ്കിലും അധികം കഴിക്കാതിരിക്കുക എന്നത് തന്നെയാണ് ഉദരപ്രശ്നങ്ങൾ അകറ്റാനുള്ള വഴികളിൽ പ്രധാനം. വൻപയർ വെള്ളത്തിൽ ഏറെ നേരം കുതിർത്തുവച്ചാൽ എളുപ്പം വെന്തു കിട്ടുമെന്നു മാത്രമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന ഒലിഗോസാക്രൈഡ്സിന്റെ അളവ് കുറയുകയും ചെയ്യും. അങ്ങനെ പാകം ചെയ്യുമ്പോൾ വയറ്റിൽ ഗ്യാസ് രൂപപ്പെടാനുള്ള സാധ്യതയും കുറയും. കൂടാതെ, ദഹനം എളുപ്പമാക്കുന്ന ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പാകം ചെയ്തെടുക്കുന്നതും ഗ്യാസ്ട്രബിൾ വരാതെയിരിക്കുവാൻ സഹായിക്കും.
read also എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? ഈ ലക്ഷണം തള്ളി കളയരുത്