അബുദാബി ∙ മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിച്ച മുൻ സൈനികരെ ആദരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യൻ എംബസിയിലെ മിലിറ്ററി അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ലുത്ര പറഞ്ഞു. വിമുക്തഭടന്മാരെ ആദരിക്കാനായി അബുദാബി സാംസ്കാരിക വേദി സംഘടിപ്പിച്ച ‘സല്യൂട്ടിങ് ദ് റിയൽ ഹീറോസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേണൽ മുതൽ നായക് റാങ്ക് വരെയുള്ളവരും ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്നവരുമായ മുൻ സൈനികരുടെ സാന്നിധ്യം പരിപാടിയെ സജീവമാക്കി. ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയ മിലിറ്ററി വിഭാഗങ്ങളിൽ നിന്നും ബിഎസ്എഫ്, സെന്റർ റിസർവ് പൊലീസ്, അസം റൈഫിൾസ്, ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് തുടങ്ങിയ പാരാമിലിറ്ററി വിഭാഗങ്ങളിൽ നിന്നുമായി മലയാളികൾ ഉൾപ്പെടെയുള്ള 30 മുൻ സൈനികരെയാണ് ആദരിച്ചത്. ചടങ്ങിൽ യുഎഇ സൈന്യത്തിലെ സീനിയർ ഓഫിസർ അബ്ദുല്ല അൽ ബലൂഷി, മുൻ ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനും നെസ്റ്റർ ഡിഫൻസ് സിസ്റ്റം ജനറൽ മാനേജർ പാട്രിക് റിവേ, നെസ്റ്റർ സിസ്റ്റം ഡപ്യൂട്ടി മാനേജർ യൂറിക് ലുശ്ശേ, അബുദാബി സാംസ്കാരിക വേദി പ്രസിഡന്റ് ടി.വി.സുരേഷ്കുമാർ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ചീഫ് കോഓർഡിനേറ്റർ സാബു അഗസ്റ്റിൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പ്രതീകാത്മകമായി നിർമിച്ച അമർ ജവാൻ ജ്യോതയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചടങ്ങ്. ഇതോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു