കട്ടപ്പന: വിളവെടുപ്പ് സീസണിൽ കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. രണ്ടു മാസത്തിനിടെ കിലോക്ക് 50 രൂപയുടെ ഇടിവാണ് ഉണ്ടായത്. കൊച്ചി മാർക്കറ്റിൽ തിങ്കളാഴ്ച കുരുമുളക് വില കിലോക്ക് 562 രൂപയിലാണ് അവസാനിച്ചത്.
കേരളത്തിലെ വിപണിയുടെ പ്രധാന കേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ ഒരുകിലോ കുരുമുളകിന് 560 മുതൽ 562 രൂപ വരെ മാത്രമാണ് വില ഉണ്ടായിരുന്നത്. സീസൺ സമയത്തുണ്ടായ വിലക്കുറവ് കർഷകസ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്. 2014ൽ കിലോഗ്രാമിന് 710 രൂപയുണ്ടായിരുന്നു.
2015 മുതൽ കുരുമുളകിന്റെ വില പടിപടിയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വില കിലോഗ്രാമിന് 630 രൂപയിൽനിന്ന് താഴ്ന്ന് വീണ്ടും 560 രൂപയിലേക്ക് എത്തി. 2015 ജൂലൈയിൽ കിലോഗ്രാമിന് 640 രൂപയായിരുന്നു വില. 2016 ഒക്ടോബറിൽ വില 681 രൂപയായി ഉയർന്നെങ്കിലും 2017 ജനുവരിയിൽ വില 654ലേക്ക് താഴ്ന്നു. പിന്നീടങ്ങോട്ട് കുരുമുളക് വില കുത്തനെ ഇടിയുകയായിരുന്നു.
Read also: അപൂര്വയിനം നെൽവിത്തുകളുടെ സംരക്ഷകൻ; സത്യനാരായണ ബലേരിക്ക് പത്മശ്രീ തിളക്കം
മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകരാകെ ഇപ്പോൾ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് പ്രധാനമായും വഴിയൊരുക്കിയത്. ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് വിപണിയിൽ വില കുറച്ച് ലഭ്യമായതോടെയാണ് ഇന്ത്യൻ കുരുമുളകിന്റെ ശനിദശ തുടങ്ങിയത്.
കാലാവസ്ഥ വ്യതിയാനവും മഴക്കുറവുമെല്ലാം കഴിഞ്ഞ സീസണിൽ ഉൽപാദനത്തെ കാര്യമായി ബാധിച്ചതിനാൽ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതിനെ മറികടക്കാൻ ഇറക്കുമതി വർധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്.
വിയറ്റ്നാമിൽനിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്. വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് കൊളംബോ വഴി ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു