ആഫ്രിക്കൻ നേഷൻസ് കപ്പിൽനിന്ന് നിലവിലെ ചാമ്പ്യന്മാരായ സെനഗൽ പുറത്ത്. ആതിഥേയരായ ഐവറി കോസ്റ്റിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയാണ് സാദിയോ മാനേയും സംഘവും മടങ്ങുന്നത്. പ്രാഥമിക റൗണ്ടിൽനിന്ന് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഉൾപ്പെട്ടതിന്റെ ആനുകൂല്യത്തിൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഐവറി കോസ്റ്റിന് ഇതോടെ സ്വന്തം നാട്ടിൽ ക്വാർട്ടർ ബർത്തുറപ്പിക്കാനായി.
നിശ്ചിത സമയത്തും അധികസമയത്തും 1-1ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം. ഡിഫൻഡർ മൂസ നിയാഖട്ടെ എടുത്ത മൂന്നാമത്തെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങിയതാണ് സെനഗലിന് തിരിച്ചടിയായത്.
Read also: മുത്തൂറ്റ് ഫുട്ബാൾ അക്കാദമിക്കും കേരള പൊലീസ് ടീമിനും ജയം
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ സെനഗൽ ലീഡ് നേടിയിരുന്നു. സൂപ്പർ താരം സാദിയോ മാനെയുടെ ക്രോസ് നെഞ്ചിലിറക്കി ഉശിരൻ ഷോട്ടിലൂടെ ഹബീബ് ദിയാലോ ആണ് ഗോൾ നേടിയത്. ഈ ഗോളിൽ പിടിച്ചുനിന്ന സെനഗലിന് കളിയുടെ അവസാന മിനിറ്റുകളിൽ പിഴച്ചു. 86ാം മിനിറ്റിൽ ആതിഥേയ താരം നികൊളാസ് പെപെയെ സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി ഫൗൾ ചെയ്തതിന് ആതിഥേയർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഫ്രാങ്ക് കെസ്സി വലയിലെത്തിച്ചതോടെയാണ് കളിയുടെ ഗതി മാറിയത്. നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ആർക്കും ഗോളടിക്കാനായില്ല. ഇതോടെയാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു