ഷാർജ ∙ ഷാർജയ്ക്ക് പുതിയ മുഖശ്രീയൊരുക്കി ടൂറിസം ക്യാംപെയ്നിനു തുടക്കമായി. ലോകോത്തര നിലവാരത്തിൽ എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ നവീകരിച്ചും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും ഷാർജയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ നൂതന പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര കലാകാരന്മാർ ഒരുക്കിയ ആർട്ട് ഇൻസ്റ്റലേഷനുകളും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു സഞ്ചാരികളെ ആകർഷിക്കും.
അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പദ്ധതി ഉദ്ഘാടനം ചെയ്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് പദ്ധതിയിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് പറഞ്ഞു. വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ ഷാർജയ്ക്കുള്ള ശക്തിയും സവിശേഷതകളും തിരിച്ചറിഞ്ഞാണ് പുതിയ ഐഡന്റിറ്റി വികസിപ്പിച്ചതെന്നും ഉപഭരണാധികാരി പറഞ്ഞു. വർണവിസ്മയം തീർത്ത ഓരോ കേന്ദ്രങ്ങളിലും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപ്രകടനങ്ങളും രാജ്യാന്തര വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു