തിരുവനന്തപുരം∙ നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ സംഘം 32.5 ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി പ്രവാസി. ലക്ഷത്തിനു പ്രതിദിനം 400 രൂപ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്ന് പട്ടം സ്വദേശി രാജൻ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ജി.കാപ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഉടമ വട്ടിയൂർക്കാവ് പുളിമൂട് ലെയ്ൻ സ്വദേശി സന്തോഷ് (60), സുഹൃത്ത് അനിൽകുമാർ എന്നിവർക്ക് എതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
കൊല്ലം തുളസിയുടെ പരാതിയിൽ സന്തോഷിനെയും മകൻ ദീപക്കിനെയും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞാണ് രാജനും പരാതിയുമായെത്തിയത്. 2020ൽ രാജൻ തവണകളായി 43.5 ലക്ഷം രൂപ ഇവർക്കു നൽകിയെന്നും ലാഭവിഹിതമായി 11 ലക്ഷം രൂപ ഇവർ തിരികെ നൽകിയെന്നും പരാതിയിലുണ്ട്. ഷെയർ മാർക്കറ്റ് വഴി നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്നു വാഗ്ദാനം ചെയ്ത് പ്രമുഖർ ഉൾപ്പെടെ പലരിൽ നിന്നായി സംഘം പണം തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. പലരും നാണക്കേട് ഓർത്ത് പരാതി നൽകിയിട്ടില്ല. വീടും വസ്തുക്കളും പണയപ്പെടുത്തി വരെ പലരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു