ഗസ്സ സിറ്റി: ഗസ്സ വീണ്ടും ജൂത കുടിയേറ്റ കേന്ദ്രമാക്കുകയെന്ന പ്രമേയത്തിൽ ഇസ്രായേലിൽ സമ്മേളനം. ബിന്യമിൻ നെതന്യാഹു മന്ത്രിസഭയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ‘ഗസ്സയിലേക്ക് മടക്കം’ പ്രമേയത്തിൽ ജറൂസലമിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ വിളിച്ചുചേർത്ത പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഗസ്സയിലെ വംശഹത്യക്കെതിരെ ആഗോള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കുടിയേറ്റ കേന്ദ്രങ്ങൾ വീണ്ടും സ്ഥാപിക്കണമെന്ന നിർദേശവുമായി ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയും മന്ത്രിമാരും സമ്മേളനം വിളിച്ചത്.
ഗസ്സയിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ 2005ൽ ഇസ്രായേൽ ഭരണകൂടം പൊളിച്ചുനീക്കി പൂർണമായി ഫലസ്തീനികൾക്ക് കൈമാറിയിരുന്നു. ഇതാണ് തിരിച്ചുപിടിക്കാൻ നീക്കം. ‘ഗസ്സയിൽ ജൂത കുടിയേറ്റം പുനഃസ്ഥാപിക്കുന്നത് ചരിത്രപരമായ അബദ്ധം തിരുത്തലാകു’മെന്ന് നെതന്യാഹു മന്ത്രിസഭയിൽ നിർമാണ, ഹൗസിങ് വകുപ്പ് കൈകാര്യം ചെയ്യുന്ന യിഷാക് ഗോൾഡ്നോഫ് പറഞ്ഞു. ടൂറിസം മന്ത്രി ഹായിം കാറ്റ്സ്, ദേശീയ സുരക്ഷ മന്ത്രി ബെൻ ഗവിർ തുടങ്ങിയവരും പങ്കെടുത്തു.
Read also: ചെങ്കടൽ വഴിയുള്ള യു എസ് യുദ്ധക്കപ്പൽ ആക്രമിച്ചെന്ന് ഹൂതികൾ
ഇസ്രായേലിൽ ഭൂരിപക്ഷവും ഗസ്സയിൽ ജൂത കുടിയേറ്റത്തിന് എതിരാണെങ്കിലും നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷം അടുത്തിടെ ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നവരാണ്. ദിവസങ്ങൾക്ക് മുമ്പ് 100ലേറെ ജൂത കുടിയേറ്റക്കാർ കൂട്ടമായി ട്രക്കുകളിൽ ഗസ്സ അതിർത്തിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
മുതിർന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ജറൂസലമിൽ വിളിച്ചുചേർത്ത ‘ഗസ്സയിലേക്ക് മടക്കം’ സമ്മേളനത്തിനെതിരെ നെതന്യാഹു മന്ത്രിസഭയിലെ മറ്റുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധ മന്ത്രിസഭാംഗവും മുൻ സൈനിക മേധാവിയുമായ ഗാദി ഈസൻകോട്ട് ഇത് കൂടുതൽ വിഭജനം സൃഷ്ടിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തി. ഗസ്സയിലുടനീളം ജീവിച്ചുപോന്ന 17 ലക്ഷം പേർ റഫ അതിർത്തിയിലേക്ക് ആട്ടിയോടിക്കപ്പെട്ടതിനിടെയുള്ള സമ്മേളനം ദുരുദ്ദേശ്യത്തോടെയാണെന്ന് മറ്റുള്ളവരും പറയുന്നു. പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും കിടപ്പാടം തകർത്തും സമ്മർദത്തിലാക്കി അയൽരാജ്യങ്ങളിലേക്ക് നാടുകടത്തലാണ് ഇസ്രായേൽ ലക്ഷ്യമെന്ന ഫലസ്തീനികളുടെ ആശങ്കകൾക്കിടെയാണ് പുതിയ നീക്കം.
Read also: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തിൽ പങ്കില്ല; ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഇറാൻ
അതിനിടെ, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ നേതൃത്വത്തിൽ തയാറാക്കിയ ബന്ദി മോചന നീക്കം അംഗീകരിക്കില്ലെന്ന് ഹമാസ്. രണ്ടു മാസം വെടിനിർത്താമെന്നും പകരം എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നുമാണ് യു.എസ് നിർദേശം. രണ്ടുമാസത്തിനു ശേഷം സ്വാഭാവികമായി യുദ്ധവിരാമം ഉണ്ടാകുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും പൂർണമായ പിൻമാറ്റവും വെടിനിർത്തലുമില്ലാത്ത ഏതുതരം ബന്ദി കൈമാറ്റത്തിനുമില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു.എസ് നടത്തുന്ന നീക്കമാണിതെന്നാണ് ഹമാസ് നേതൃത്വം പറയുന്നത്. എന്നാൽ, ഏതുവിധേനയും ബന്ദികൈമാറ്റം സാധ്യമാക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഇസ്രായേൽ. വിഷയം ചർച്ച ചെയ്യാൻ നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു