സൻആ: ചെങ്കടൽ വഴിയുള്ള ചരക്കുകടത്ത് സുരക്ഷിതമാക്കാൻ യു.എസും യു.കെയും നേതൃത്വം നൽകുന്ന സംയുക്ത സേന നടപടികൾ സജീവമാക്കുന്നതിനിടെ അമേരിക്കൻ യുദ്ധക്കപ്പൽ ആക്രമിച്ചെന്ന അവകാശവാദവുമായി ഹൂതികൾ. ഞായറാഴ്ച വൈകീട്ട് യു.എസ്.എസ് ലെവിസ് ബി. പുള്ളറിനുനേരെ ആക്രമണം നടത്തിയെന്നാണ് അവകാശവാദം.
ഹൂതി വിരുദ്ധ സൈനിക നീക്കങ്ങൾക്ക് നേതൃത്വം കൊടുത്ത് അറബിക്കടലിലും പരിസരങ്ങളിലും സഞ്ചരിക്കുന്ന യുദ്ധക്കപ്പലാണിത്. ഏദൻ കടലിൽ കപ്പലിനുനേരെ മിസൈൽ തൊടുത്തതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ പറഞ്ഞു. എന്നാൽ, യു.എസ്.എസ് ലെവിസ് ബി. പുള്ളർ ആക്രമിക്കപ്പെട്ടില്ലെന്നും ഇത്തരം അവകാശവാദങ്ങൾ മുമ്പും നടത്തിയിരുന്നതാണെന്നും അമേരിക്കൻ നാവിക സേന പ്രതികരിച്ചു.
യു.എസ് നാവിക സേനക്ക് ചലിക്കുന്ന താവളമെന്ന നിലക്കാണ് ഈ കപ്പൽ മേഖലയിലുള്ളത്. ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കുംവരെ ആക്രമണം തുടരുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.ആഴ്ചകളായി നിരവധി കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം തുടരുകയാണ്. ഇവ ചെറുക്കാനെന്ന പേരിൽ യമനിൽ യു.എസ്, യു.കെ സേനകളുടെ നേതൃത്വത്തിൽ ആക്രമണവും തുടരുന്നുണ്ട്. അടുത്തിടെ, ഹൂതികളെ യു.എസ് ആഗോള ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു