ദോഹ: ഖത്തറിലെ ബംഗ്ലാദേശി പ്രവാസി സമൂഹത്തിൻ്റെ ക്ഷേമപ്രവര്‍ത്തനങ്ങൾക്കായി ബംഗ്ലാദേശ് എംബസിയും ഖത്തറിലെ ക്യാൻ ഇൻ്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസും സഹകരിച്ച് പ്രവര്‍ത്തിക്കും. ഖത്തറിലെ അഞ്ചു ലക്ഷം ബംഗ്ലാദേശി പ്രവാസികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദീർഘകാല കമ്മ്യൂണിറ്റി ആനുകൂല്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ ബംഗ്ലാദേശ് ആസ്ഥാനമായുള്ള വെർസാറ്റിലോ ഗ്രൂപ്പ് ഓഫ് കമ്പനീസും പങ്കാളിത്തം വഹിക്കും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന MEDICA എന്ന മൊബൈൽ ഹെൽത്ത് കെയർ ആപ്ലിക്കേഷനാണ് പദ്ധതിയിലെ ഒരു സംരംഭം. ഖത്തറിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും, പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന ആരോഗ്യ സേവനങ്ങളിലെ വിടവ് നികത്തുന്നതിനുമാണ് ഈ അത്യാധുനിക മൊബൈല്‍ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ബംഗ്ലാദേശിൻ്റെയും ഖത്തറിൻ്റെയും സഹകരണ ശ്രമങ്ങളുടെ സാക്ഷ്യപത്രമായി മെഡിക്ക നിലകൊള്ളും. പ്രവാസികൾക്ക് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങൾ ബംഗാളി ഭാഷയില്‍ തന്നെ ലഭ്യമാക്കുന്നതിന് ഈ ഓൺലൈൻ പ്ലാറ്റ്ഫോം സഹായകരമാകും. കാൻ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ ഹെൽത്ത് കെയർ ഡിവിഷനുകളായ മൈക്രോ ഹെൽത്ത് ലബോറട്ടറീസും, മൈക്രോ ചെക്ക് ഹോം ഹെൽത്ത് കെയർ സർവീസസും ഈ സംരംഭം സുഗമമായി മുന്നോട്ടു കൊണ്ടു പോവുന്നതിൽ നിർണായക പങ്ക് വഹിക്കും.
കൂടാതെ “ഹലോ സൂപ്പർസ്റ്റാർ” എന്ന ബംഗ്ലാദേശി ആസ്ഥാനമായ വിനോദ സാങ്കേതിക മൊബൈല്‍ ആപ്ലിക്കേഷൻ്റെ ഖത്തറിലെ ലോഞ്ചിംഗ് ആണ് മറ്റൊരു സുപ്രധാന പദ്ധതി. സിനിമ, ആരോഗ്യ സംരക്ഷണം, ഫാഷന്‍, ആത്മീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ സെലിബ്രിറ്റികളുമായി നേരിട്ട് സംവദിക്കാനും, പ്രവാസി സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തുന്നതിനുമാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൂടാതെ, ബംഗ്ലാദേശി ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന ഒരു മെഡിക്കൽ സെൻ്ററും ഖത്തറിൽ സ്ഥാപിക്കും. ബംഗ്ലാദേശ് എംബസിയുടെ പിന്തുണയോടെ, ഖത്തറിലെ ബംഗ്ലാദേശി സമൂഹത്തിൻ്റെ ആവശ്യങ്ങൾ പ്രത്യേകമായി പരിഗണിച്ച് സബ്സിഡിയോടെയും, സൗജന്യമായും വിവിധ ആരോഗ്യ സേവനങ്ങൾ ഈ കേന്ദ്രം വഴി ലഭ്യമാവും.
ഖത്തറിലെ ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്റുൽ ഇസ്ലാം, ബംഗ്ലാദേശ് എംബസിയുടെ ഡിഫൻസ് അറ്റാഷെ ബ്രിഗേഡിയർ ജനറൽ, മുഹമ്മദ് ഖൈറുദ്ദീൻ, കാൻ ഇൻ്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ ഡോ. നൗഷാദ് സികെ, വെർസറ്റിലോ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ചെയർമാൻ ഡോ. കമറുൽ അഹ്സൻ എന്നിവര്‍ ഉള്‍പ്പെടെ ഖത്തറിലെയും ബംഗ്ലാദേശിലെയും വിശിഷ്ട അതിഥികൾ പരിപാടിയിൽ പങ്കെടുത്തു.
സഹകരണം ഖത്തറിലെ ബംഗ്ലാദേശി പ്രവാസികൾക്ക് സാമൂഹിക-സാംസ്കാരിക-ആരോഗ്യ- വിനോദ മേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമാക്കുമെന്ന് അംബാസഡർ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ ശക്തി പ്രകടമാക്കുന്നതാണ് ഈ സംരംഭമെന്ന് എംബസി ഫസ്റ്റ് അറ്റാഷെ ബ്രിഗേഡിയർ ജനറൽ, മുഹമ്മദ് ഖൈറുദ്ദീനും പറഞ്ഞു. മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ പ്രതിനിധീകരിച്ച് ഷെഫീഖ് കെ.സിയും പരിപാടിയിൽ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു