ജുബൈൽ: റിപ്പബ്ലിക്ക് ദിനത്തിൽ റിയാദ് ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് നവോദയ ജുബൈൽ അറൈഫി ഏരിയ അന്താരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിച്ചു. ഗൾഫ് ഹൊറൈസൺ ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്മെന്റ് സ്പോൺസർ ചെയ്ത മത്സരങ്ങൾ ജുബൈൽ ക്ലബ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് നടന്നത്. മലയാളികളും അറബ് വംശജരും ഉൾപ്പെടെ നിരവധി പേർ മത്സരം കാണാൻ ഒഴുകിയെത്തി. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു.
സൗദിയുടെയും ഇന്ത്യയുടെയൂം ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ആവേശം വിതച്ച മത്സരങ്ങളിൽ ടീമുകളുടെ ഉജ്ജ്വലമായ പോരാട്ട വീര്യം നിറഞ്ഞു നിന്നു. ആർപ്പുവിളികളും കരഘോഷങ്ങളുമായി കാണികൾ ഓരോ മത്സരവും ആസ്വദിച്ചു.
കുവൈത്ത്, റിയാദ്, ദമ്മാം, ജുബൈൽ എന്നിവിടങ്ങളിൽ നിന്നുള്ള പതിനൊന്ന് ടീമുകളാണ് മൽസരത്തിൽ മാറ്റുരച്ചത്. മനവും മെയ്യും മറന്നുള്ള പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ ‘എ.എഛ്.എ.കുവൈത്ത്’ ഒന്നാം സ്ഥാനവും ‘കെ.കെ.ബി.കുവൈത്ത്’ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
നവോദയ കേന്ദ്ര കമ്മിറ്റി അംഗം പ്രജീഷ് കറുകയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ നവോദയ പതാക ഉയർത്തി. ജുബൈലിലെ പൗരപ്രമുഖരായ നൂഹ് പാപ്പിനിശ്ശേരി, അഷ്റഫ് മൂവാറ്റുപുഴ, ബൈജു അഞ്ചൽ, തോമസ് മാത്യു മമ്മൂടൻ, ജയൻ തച്ചമ്പാറ, ശിഹാബ് മങ്ങാടൻ എന്നിവർ പങ്കെടുത്തു. റഹിം മടത്തറ, ലക്ഷ്മണൻ കണ്ടമ്പത്, ഉണ്ണികൃഷ്ണൻ, അജയൻ കണ്ണൂർ ,ഷാനവാസ്, ഷാഹിദ ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു. ഷമീർ, നിഷാന്ത്, സോളമൻ, സിജോ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. പ്രിനീദ് നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു