സുഹാർ: സുഹാർ വിമൻസ് അസോസിയേഷൻ ഹാളിൽ നിറഞ്ഞുകവിഞ്ഞ കലാ ആസ്വാദർക്ക് ആഘോഷ വിരുന്നൊരുക്കി സുഹാർ മലയാളി സംഘം ‘സർഗസന്ധ്യ 2024’ അരങ്ങേറി. നാലരമണിക്കൂർ നീണ്ടുനിന്ന കലാപരിപാടിയിൽ മലയാളിസംഘം കാലാകാരന്മാരോടൊപ്പം അമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെയും നവജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രതിഭകളും അണിനിരന്നു. കലാവിരുന്നിൽ ജുഗൽബന്ധി, നാഗനൃത്തം, റിട്രോ ഡാൻസ്, പൂതപ്പാട്ടു സംഘനൃത്തം തുടങ്ങിയവ പ്രത്യേകം കൈയടിനേടി.
‘എസ്.എം.എസ് യൂത്ത്ഫെസ്റ്റിവൽ 2023’ൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടി യഥാക്രമം കലാതിലകം, കലാപ്രതിഭ, കലാശ്രീ, സർഗപ്രതിഭ പട്ടങ്ങൾ നേടിയ ദിയ ആർ. നായർ, സയൻ സന്ദേശ്, മൈഥിലി സന്ദീപ്, സീതാലക്ഷ്മി കിഷോർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കലാ സാംസ്കാരിക സാഹിത്യ രംഗത്ത് സുഹാറിലെ നിറസാന്നിധ്യമായ കെ.ആർ.പി വള്ളിക്കുന്നിനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.
വടക്കന്‍ ബാത്തിന മേഖല ഡയറക്ടർ ജനറൽ ഓഫ് മുൻസിപ്പാലിറ്റി എൻജിനിയർ നാസ്സർ ബിൻ അഹമ്മദ് ഹിനായി മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ സുഹാർ പ്രിൻസിപ്പൽ സഞ്ജിതാ വർമ, ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല എന്നിവർ സംബന്ധിച്ചു. യുവജനോത്സവത്തിലെ വിവിധ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തിയ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി വാസുദേവൻ പിട്ടൻ, വൈസ് പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാവിയിൽ മെഗാ തിരുവാതിര പോലുള്ള ആകർഷകമായ പരിപാടികൾ മലയാളിസംഘം അവതരിപ്പിക്കുമെന്ന് കൺവീനർ കെ.കെ. വാസുദേവൻ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു