ദോഹ: ഫലസ്തീനു വേണ്ടി ഗാലറിയിലെത്തി ഏറ്റവും കൂടുതൽ ആരവം മുഴക്കിയത് ആതിഥേയരായ ഖത്തറിന്റെ ആരാധകരായിരിക്കും. ഗ്രൂപ് റൗണ്ടിൽ ഫലസ്തീൻ ഓരോ മത്സരത്തിന് ബൂട്ടുകെട്ടുമ്പോഴും തങ്ങളുടെ ടീമെന്ന ആവേശവുമായി നെഞ്ചോട് ചേർത്തായിരുന്നു ആതിഥേയർ അവർക്ക് പിന്തുണ നൽകിയത്. അവരുടെ കുതിപ്പിനെ അവർ തങ്ങളുടെ വിജയമെന്ന പോലെ ആഘോഷിക്കുകയും ചെയ്തു. എന്നാൽ, ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടറിൽ ഫലസ്തീനും ഖത്തറും മുഖാമുഖമെത്തുമ്പോൾ ഏറ്റവുമേറെ സങ്കടപ്പെടുന്നവരും ഖത്തറിന്റെ ആരാധകസംഘങ്ങൾ തന്നെയാകും.
എങ്കിലും, രാഷ്ട്രീയ സൗഹൃദത്തെയും പിന്തുണയെയും മുറുകെ പിടിച്ചുകൊണ്ട് കളിക്കളത്തിൽ അവർ ഇന്ന് അന്നാബികൾക്കായി ആരവം മുഴക്കും. തിങ്കളാഴ്ച രാത്രി ഏഴിന് അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഫലസ്തീനും ഖത്തറും തമ്മിലെ പോരാട്ടം.
ഗ്രൂപ് ‘എ’യിൽ നിന്ന് മൂന്ന് ആധികാരിക ജയങ്ങളുമായാണ് ഖത്തർ മുന്നേറുന്നത്. ആദ്യ മത്സരത്തിൽ ലബനാനെ 3-0ത്തിനും രണ്ടാം അങ്കത്തിൽ തജികിസ്താനെയും (1-0), മൂന്നാം അങ്കത്തിൽ ചൈനയെയും (1-0) തോൽപിച്ചാണ് മാർക്വേസ് ലോപസിനു കീഴിൽ ചാമ്പ്യന്മാരുടെ കുതിപ്പ്. ഗ്രൂപ് ‘സി’യിൽ മത്സരിച്ച ഫലസ്തീൻ ഇറാനോട് 4-1ന് തോറ്റ ശേഷം യു.എ.ഇയെ സമനിലയിൽ (1-1) പിടിക്കുകയും അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ (3-0) വീഴ്ത്തുകയും ചെയ്താണ് ആദ്യമായി പ്രീക്വാർട്ടർ പ്രവേശനം നേടിയത്.
ഖത്തറുമായുള്ള മത്സരത്തെ സൗഹൃദപരവും ആവേശം നൽകുന്നതുമായ ഒന്നായാണ് ഫലസ്തീൻ ടീം സ്വാഗതം ചെയ്യുന്നത്. സമ്മർദമില്ലാതെയാണ് ടീം കളിക്കുന്നതെന്ന് കോച്ച് മക്രം ദബൂബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ടീമിന് തീരെ സമ്മർദമില്ല. പങ്കെടുക്കുക എന്ന പ്രാഥമിക ലക്ഷ്യം അവർ നേടിക്കഴിഞ്ഞു. ഇപ്പോൾ പ്രീക്വാർട്ടറിലുമെത്തി. എന്നാൽ, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമെന്ന നിലയിൽ ഖത്തറിനായിരിക്കും സമ്മർദം’-അദ്ദേഹം പറഞ്ഞു.
മത്സരം ഏറെ സൗഹൃദപരമായിരിക്കുമെന്ന് ആവർത്തിച്ച കോച്ച്, എന്നാൽ എതിരാളിയുടെ മുന്നേറ്റം തടഞ്ഞ് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാനായിരിക്കും ശ്രമമെന്ന് വ്യക്തമാക്കി.
ഫലസ്തീന്റെ ഓരോ മത്സരവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ടീം ഇറങ്ങുന്നതെന്ന് ഖത്തർ കോച്ച് മാർക്വേസ് ലോപസ് പറഞ്ഞു. ‘പിഴവുകളില്ലാതെ കളിക്കണം. ഈ ഘട്ടത്തിലെ നിസ്സാര പിഴവുകൾക്ക് വലിയ വില നൽകേണ്ടിവരും. ടീമിലെ എല്ലാവരും മികച്ച ഫോമിലാണ്. മത്സരങ്ങളൊന്നും എളുപ്പമല്ല. എതിരാളിയെ ബഹുമാനിച്ചു തന്നെ കളിച്ചു ജയിക്കും’-കോച്ച് ലോപസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു