ജദേജക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജദേജക്ക് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം റണ്ണൗട്ടിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ജദേജയുടെ തുടക്ക് പരിക്കേറ്റത്. മത്സരത്തിൽ ബെൻ സ്റ്റോക്ക്സ് ജദേജയെ റണ്ണൗട്ടിലൂടെ പുറത്താക്കിയത് നിർണായകമായിരുന്നു.

   നടക്കാൻ പ്രയാസപ്പെടുന്ന ജദേജയോട് വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദേശം. താരത്തിന് കളിക്കാനായില്ലെങ്കിൽ കുൽദീപ് യാദവ് പകരക്കാരനായെത്തുമെന്നാണ് സൂചന. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ടീം ഏറെ ആശ്രയിക്കുന്ന ജദേജയുടെ അസാന്നിധ്യം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആദ്യ ഇന്നിങ്സിൽ 87 റൺസടിച്ച ജദേജ രണ്ടാം ഇന്നിങ്സിൽ രണ്ട് റൺസെടുത്താണ് റണ്ണൗട്ടായത്. ടെസ്റ്റിൽ അഞ്ച് വിക്കറ്റും നേടിയിരുന്നു.

Read also: ശുഐബ് മാലിക്കുമായുള്ള വിവാഹം; പാക്ക് നടി സന ജാവേദിനെതിരെ സൈബർ ആക്രമണം

   ആദ്യ ടെസ്റ്റിൽ 28 റൺസിനായിരുന്നു ഇംഗ്ലീഷുകാർ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സിൽ 190 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ അവിശ്വസനീയ പരാജയം. ഇംഗ്ലണ്ടിനായി 26.2 ഓവറിൽ 62 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാർട്ട്‍ലിയും 196 റൺസടിച്ച ഒലീ പോപും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ