മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.
ഈ സംശയം ഉന്നയിക്കുന്നവര്‍ സാധാരണയായി ഉദാഹരിക്കാറുള്ള ചില അനുഭവങ്ങള്‍ താഴെപ്പറയുന്നു.
“എന്റെ ഒരയല്ക്കാരന് ഒരു ഡീഅഡിക്ഷന് സെന്ററില്‍ കിടന്ന് മദ്യപാനം നിറുത്തിയിരുന്നു. കുറച്ചു നാള് കഴിഞ്ഞ് വീണ്ടും മദ്യമുപയോഗിച്ചപ്പോള് അയാള്‍ തികച്ചും ഒരു മാനസികരോഗിയെപ്പോലെ പെരുമാറുകയുണ്ടായി.”
“എന്റെ ഒരു ബന്ധു പണ്ട് മരുന്നു കഴിച്ച് മദ്യപാനം നിറുത്തി. കുറേക്കാലം കഴിഞ്ഞ് ഒരു തവണ മരുന്നെടുക്കാതെ മദ്യപാനം നിറുത്തിയപ്പോള്‍ അദ്ദേഹം ഓര്‍മയും സ്ഥലകാലബോധവുമില്ലാതെ പെരുമാറാനും തുമ്പിയെപ്പിടിക്കുന്നതു പോലെ കാണിക്കാനും തുടങ്ങി.”
“എനിക്ക് പരിചയമുള്ള ഒരാള്‍ക്ക് ഡീഅഡിക്ഷന് സെന്ററില്‍ നിന്നിറങ്ങിയതിനു ശേഷം ഒരു ഓര്‍മയും ബോധവുമില്ല.”
ഈ മൂന്ന് അനുഭവങ്ങളും സത്യമാവാമെന്ന് സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, ലേഖനത്തിന്റെ തലക്കെട്ടിലുന്നയിച്ച ചോദ്യത്തിന്റെ ഉത്തരം “ഇല്ല” എന്നു തന്നെയാണ്. അപ്പോള്‍ മേല്‍പ്പറഞ്ഞ കേസുകളില്‍ എന്താവും സംഭവിച്ചിട്ടുണ്ടാവുക? നമുക്കു നോക്കാം.
മദ്യപാനം പുനരാരംഭിച്ച അയല്ക്കാരന് സമനില വിട്ട് പെരുമാറിയത് എന്തുകൊണ്ടാവാം?
ഇതിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാവാന്‍ ആദ്യം ടോളെറന്‍സ് (tolerance) എന്ന പ്രതിഭാസത്തെക്കുറിച്ചറിയണം. കുറേക്കാലം നിരന്തരമായി മദ്യമുപയോഗിക്കുമ്പോള്‍ ശരീരകോശങ്ങളിലുണ്ടാകുന്ന ചില പരിവര്‍ത്തനങ്ങളുടെ ഫലമായി കരള്‍ മദ്യത്തെ കൂടുതല്‍ വേഗത്തില്‍ ദഹിപ്പിക്കാന്‍ തുടങ്ങുകയും പതിവ് അളവിലുള്ള മദ്യം തലച്ചോറില്‍ ഏശാതാവുകയും ചെയ്യാറുണ്ട്. അങ്ങിനെ വരുമ്പോള്‍ ആദ്യമൊക്കെ രണ്ടോ മൂന്നോ പെഗ് കഴിച്ചാല്‍ അത്യാവശ്യം ലഹരി അനുഭവപ്പെടാറുണ്ടായിരുന്ന ആളിന് അതേ ലഹരി കിട്ടാന്‍ ക്വാര്‍ട്ടറോ പൈന്റോ കഴിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതിനെയാണ് ടോളെറന്‍സ് എന്നു വിളിക്കുന്നത്.
ചികിത്സയെടുത്തോ അല്ലാതെയോ കുറച്ചുകാലത്തേക്ക് മദ്യപാനം നിറുത്തിവെക്കുമ്പോള്‍ ടോളെറന്സിലേക്കു നയിച്ച ശാരീരികമാറ്റങ്ങള്‍ പതിയെപ്പതിയെ പൂര്‍വസ്ഥിതിയിലാവുകയും ടോളെറന്‍സ് അപ്രത്യക്ഷമാകുകയും ചെയ്യും. ഇതിനെക്കുറിച്ച് ബോധവാനല്ലാത്ത ഒരാള്‍ കഴിപ്പു നിര്‍ത്തിയ സമയത്തെ അതേ അളവ് മദ്യം വീണ്ടും ഉപയോഗിച്ചു തുടങ്ങുകയാണെങ്കില്‍ അയാളുടെ