എഫ്.എ കപ്പിലെ നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം. ന്യൂപോർട്ട് കൺട്രിയെ രണ്ടിനെതിരെ നാല് ഗോളിനാണ് യുനൈറ്റഡ് വീഴ്ത്തിയത്. കളി തുടങ്ങി ഏഴ് മിനിറ്റിനകം ബ്രൂണോ ഫെർണാണ്ടസിലൂടെ യുനൈറ്റഡ് മുന്നിലെത്തി. ഇടതുവിങ്ങിൽനിന്ന് ആന്റണി നൽകിയ ക്രോസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ദൗത്യമേ ബ്രൂണോക്കുണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റിനകം യുനൈറ്റഡ് രണ്ടാം ഗോളും നേടി. വലതുവിങ്ങിൽനിന്ന് ഡലോട്ട് നൽകിയ പാസ് കോബി മൈനൂ അനായാസം വലയിലെത്തിക്കുകയായിരുന്നു.
18ാം മിനിറ്റിൽ ഗർണാച്ചോയുടെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ലീഡ് വർധിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി. തുടർന്ന് ബ്രസീലിയൻ താരം ആന്റണിക്ക് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
Read also: എഫ്.എ കപ്പ്: ആൻഫീൽഡിൽ ലിവർപൂളിന്റെ ഗോളുത്സവം
36ാം മിനിറ്റിൽ ന്യൂപോർട്ട് ഒരു ഗോൾ തിരിച്ചടിച്ചു. ബ്രയൻ മോറിസിന്റെ തകർപ്പൻ ലോങ് റേഞ്ചർ യുനൈറ്റഡ് താരം ലിസാൻഡ്രൊ മാർട്ടിനസിന്റെ തലയിൽ തട്ടി വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം ന്യൂപോർട്ട് സമനിലയും പിടിച്ചു. ഇടതുവിങ്ങിൽനിന്ന് ആദം ലൂയിസ് നൽകിയ ക്രോസ് വിൽ ഇവാൻസ് പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു.
ഇതോടെ പതറിയ യുനൈറ്റഡ് ഗോളിനായി ആഞ്ഞുപിടിച്ചു. 68ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. ലൂക് ഷോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് കിട്ടിയ ആന്റണി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ യുനൈറ്റഡ് പട്ടിക പൂർത്തിയാക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് കിട്ടിയ റാസ്മസ് ഹോജ്ലുണ്ടിന്റെ ഷോട്ട് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകിയില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ