ദുബൈ: നഗരത്തിലെ ഹോറൽ അൻസിൽ പ്രവാസികളടക്കം ഉപയോഗിക്കുന്ന ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ കോർട്ടുകൾ പുതുക്കിപ്പണിതു. ദുബൈ മുനിസിപ്പാലിറ്റി പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനിയായ ‘ഡെലിവറു’മായി സഹകരിച്ചാണ് പുനർനിർമാണം പൂർത്തീകരിച്ചത്. പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും താമസക്കാർക്ക് കൂടുതൽ വിനോദാവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത് പൂർത്തീകരിച്ചത്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹോറൽ അൻസിലെ കളിമൈതാനം ‘ഡെലിവറു’മായി സഹകരിച്ച് പുതുക്കിപ്പണിതത് കൂടുതൽ സംയോജിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണെന്ന് മുനിസിപ്പാലിറ്റി പൊതുമരാമത്ത്, പൊതുപാർക്ക് വകുപ്പ് ഡയറക്ടർ അഹ്മദ് അൽ സറൂനി പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളുടെ ക്ഷേമവും സന്തോഷവും വർധിപ്പിക്കുന്നതിനും ദുബൈ എമിറേറ്റിലെ ജീവിത നിലവാരം ഉയർത്തുന്നതിനും കൂടുതൽ വിനോദ കേന്ദ്രങ്ങൾ രൂപപ്പെടുത്തുന്നത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിനും തങ്ങളുടെ ഡെലിവറി ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിൽ ഹോറൽ അൻസിലെ സൗകര്യങ്ങൾ വികസിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ‘ഡെലിവറൂ’ മിഡിൽ ഈസ്റ്റ് കമ്യൂണിക്കേഷൻ മേധാവി തഗ്രിദ് ഉറൈബി പറഞ്ഞു.
പുനർനിർമാണം പൂർത്തിയാക്കിയതിന്റെ ആഘോഷമെന്ന നിലയിൽ ‘ഡെലിവറു’ റൈഡർമാരുടെ സൗഹൃദ ക്രിക്കറ്റ് മത്സരം മൈതാനത്ത് അരങ്ങേറി. 2023ൽ ദുബൈ ഗാർഡനിലെ നാല് സ്പോർട്സ് കോർട്ടുകൾ നവീകരിക്കാൻ ദുബൈ മുനിസിപ്പാലിറ്റി അന്താരാഷ്ട്ര സ്പോർട്സ്, എന്റർടൈമെന്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. വിനോദ ഇടങ്ങൾ നവീകരിക്കുന്നതിനും സുന്ദരമാക്കുന്നതിനും പുറമേ, താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവം നൽകാനും ഭാവി തലമുറക്ക് സംയോജിത കമ്യൂണിറ്റികൾ വികസിപ്പിക്കാനും മുനിസിപ്പാലിറ്റി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു