ദുബൈ: സ്കൂൾ ബസുകളിൽ കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി.
കഴിഞ്ഞ വർഷം ജൂലൈക്കും ഡിസംബറിനും ഇടയിൽ 6,323 പരിശോധനകളാണ് ആർ.ടി.എ സംഘടിപ്പിച്ചത്. പെർമിറ്റില്ലാതെ വാഹനമോടിക്കുക, അംഗീകാരമില്ലാത്ത ഡ്രൈവർമാരെ നിയമിക്കുക, സ്കൂൾ ബസിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ആർ.ടി.എ അംഗീകരിച്ച സാങ്കേതിക നിബന്ധനകൾ പാലിക്കാതിരിക്കുക, ബസിന്റെ അകത്തും പുറത്തും പാലിക്കേണ്ട സാങ്കേതിക നിബന്ധനകളും രൂപവും വരുത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. അഗ്നിരക്ഷ ഉപകരണം, ജി.പി.എസ് ട്രാക്കിങ് സിസ്റ്റം, സി.സി കാമറ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും പാളിച്ചകൾ കണ്ടെത്തിയതായി ആർ.ടി.എ വെളിപ്പെടുത്തി. അതേസമയം എത്ര പേർ നിയമം ലംഘിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയില്ല.
യു.എ.ഇയിൽ ഡ്രൈവർമാർക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിലും സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക പെർമിറ്റ് വേണം. ആർ.ടി.എ നടത്തുന്ന പരിശീലനങ്ങൾ വിജയകരമായി പൂർത്തീകരിക്കുകയും ടെസ്റ്റുകളിൽ പാസാകുകയും ചെയ്താലാണ് പെർമിറ്റ് ലഭിക്കുക. അപേക്ഷകർ 25 വയസ്സിന് താഴെയുള്ളവരാകരുത്, ക്രിമിനൽ കേസുകളിൽ അകപ്പെട്ടവരാകരുത് തുടങ്ങിയ നിബന്ധനകളും പാലിക്കണം. സ്കൂൾ ബസ് അറ്റൻഡർമാർക്കും സഹായികൾക്കും ആർ.ടി.എ പ്രത്യേക പെർമിറ്റ് വേണമെന്നാണ് നിയമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു