റിയാദ്: സൗദിയിൽ കടൽത്തീരങ്ങൾ വൃത്തിയാക്കാൻ ഇനി റോബോട്ട്. ബീച്ചുകളിലെ മണൽ മാലിന്യമില്ലാതെ സൂക്ഷിക്കാൻ റെഡ് സീ പദ്ധതിക്ക് കീഴിലാണ് നൂതന റോബോട്ട് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ മണൽ മാലിന്യം ഒഴിവാക്കി വൃത്തിയാക്കാൻ റോബോട്ടിനെ ഉപയോഗിച്ചു തുടങ്ങിയതായി റെഡ് സീ ഇന്റർനാഷനൽ വ്യക്തമാക്കി. മണലിെൻറ രൂപഭാവം മെച്ചപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും ശേഖരിക്കുന്നതിനുമാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൗ അത്യാധുനിക യന്ത്രമനുഷ്യനെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഇതിന് സൂക്ഷ്മ മാലിന്യങ്ങൾ വരെ തിരിച്ചറിയാൻ കഴിയും. വിദൂര സംവിധാനത്തിൽ നിയന്ത്രിക്കാനുമാകും. കൂടാതെ പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്താതെ സമഗ്രമായ ക്ലീനിങ് ഫലങ്ങൾ ഉറപ്പ് നൽകുന്നുവെന്നും റെഡ് സീ കമ്പനി വിശദീകരിച്ചു. ഫർണീച്ചറുകൾക്കും മറ്റ് വസ്തുക്കൾക്കുമിടയിൽ എളുപ്പത്തിൽ നീങ്ങാൻ അനുവദിക്കുന്ന റോബോട്ട് വളരെ ഫ്ലെക്സിബിൾ ആയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിപണിയിൽ സമാനമായ റോബോട്ടുകൾക്ക് വെല്ലുവിളിയാണിത്.
ഒരു മണിക്കൂറിനുള്ളിൽ 3,000 ചതുരശ്ര മീറ്റർ സ്ഥലം വൃത്തിയാക്കാൻ ഇതിന് കഴിയും. ചെങ്കടൽ ടൂറിസം പ്രദേശത്താണ് ആദ്യം ഈ റോബോട്ട് ഉപയോഗിക്കുന്നത്. അവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും ലോകോത്തര റിസോർട്ടുകളും സംരക്ഷിക്കാൻ ഇത് സഹായിക്കും. സന്ദർശകർക്കായി ബീച്ചുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് റെഡ് സീ ഇൻറർനാഷനൽ കമ്പനി നടത്തുന്ന സുപ്രധാന നീക്കമാണിത്. ഇവിടെ രണ്ട് ഹോട്ടലുകൾ കഴിഞ്ഞ വർഷമാണ് തുറന്നത്. സന്ദർശകരെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ വിമാനങ്ങളുടെ വരവും ആരംഭിച്ചിട്ടുണ്ട്. 2030ൽ പദ്ധതി പൂർത്തിയാകുമ്പോൾ മൊത്തം 8,000 ഹോട്ടൽ യൂനിറ്റുകളുള്ള 50 റിസോർട്ടുകൾ റെഡ് സീ ഡെസ്റ്റിനേഷനിൽ ഉൾപ്പെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു