ഇസ്ലാമാബാദ്: ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പരിഹരിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പാകിസ്താനിലെത്തി. പാകിസ്താൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജീലാനി, കെയർടേക്കർ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകർ എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശന ലക്ഷ്യം. അതേസമയം, സ്ഥാനപതിമാരെ തിരിച്ചു വിളിച്ച തീരുമാനം പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.
ജനുവരി 16ന് ഇറാൻ പാകിസ്താനിൽ വ്യോമാക്രമണം നടത്തിയതാണ് പ്രകോപനത്തിന് വഴിവെച്ചത്. പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ജെയ്ശ് അൽ അദൽ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഇതിന് പിന്നാലെ ജനുവരി 18ന് പാകിസ്താൻ തിരിച്ചടിച്ചു.
ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. കൊലയാളി ഡ്രോണുകൾ, റോക്കറ്റുകൾ തുടങ്ങിയവ ഉപയോഗിച്ച് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ), ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്) എന്നീ ഭീകര സംഘടനകളുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയത്.
കുപ്രസിദ്ധ ഭീകരരായ ചെയർമാൻ എന്ന് വിളിക്കപ്പെടുന്ന ദോസ്ത, സോഗട്ട് എന്ന ബജ്ജാർ, ഷഫാഖ് എന്ന സഹീൽ, ബഷാം എന്ന അസ്ഗർ, വസി എന്ന വസീർ എന്നിവരുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് സൈന്യം പറയുന്നു. തുടർന്ന് നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാനും മുൻ നിശ്ചയിച്ച എല്ലാ ഉഭയകക്ഷി ഉന്നതതല സന്ദർശനങ്ങളും റദ്ദാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. എന്നാൽ, കൂടുതൽ ഏറ്റുമുട്ടലിലേക്ക് പോകാതെ ഒത്തുതീർപ്പിലെത്തി. ഇതിന്റെ ഭാഗമായി പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചിരുന്നു.
അതിർത്തി കടന്ന് ആക്രമണം നടത്താൻ ഭീകര സംഘങ്ങളെ ഉപയോഗിക്കുന്നതായി പാകിസ്താനും ഇറാനും ദീർഘകാലമായി പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ