ഗസ്സ: ആക്രമണം 114 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ ഇസ്രായേൽ. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേൽ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്നായിരുന്നു. എന്നാൽ തുരങ്കങ്ങളിൽ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുവെന്ന് ഇസ്രായേൽ, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
മുതിർന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്. ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേൽ ന്യായീകരിച്ചത് അടിയിൽ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാൽ ഗസ്സയിലെ ആശുപത്രികളെല്ലാം ആക്രമിച്ച് തകർത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അൽ ശിഫ ആശുപത്രിക്കടിയിൽ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങൾ തന്നെ നിർമിച്ചതാണെന്ന് മുൻ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.
ഗസ്സക്ക് അടിയിൽ 300 മൈലിൽ അധികം നീളത്തിൽ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ഹമാസ് ആയുധങ്ങൾ സൂക്ഷിക്കുന്നതും മുതിർന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേൽ പറയുന്നു. തുരങ്കങ്ങൾ നശിപ്പിക്കാൻ പല വഴികളും ഇസ്രായേൽ നോക്കിയിരുന്നു. മെഡിറ്ററേനിയൻ കടലിൽനിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചു. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താൻ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങൾ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതിൽ ഒരു പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.
തുരങ്കങ്ങളുടെ നീളം സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ തങ്ങളുടെ ശ്രമം എത്രത്തോളം വിജയിച്ചുവെന്നത് സംബന്ധിച്ച് അമേരിക്കക്കും ഇസ്രായേലിനും വലിയ ധാരണയില്ല. 20-40 ശതമാനം വരെ തുരങ്കങ്ങൾ തകർക്കപ്പെടുകയോ കേടുപാടുണ്ടാവുകയോ ചെയ്തുവെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. ഘട്ടം ഘട്ടമായി തുരങ്കങ്ങൾ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസും ദേശീയ ഇന്റലിജൻസ് ഡയറക്ടറും ഇത് സംബന്ധിച്ച പ്രസ്താവനകൾ തള്ളി.
നിലവിൽ തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന് വിദഗ്ധരായ എഞ്ചിനീയർമാരുടെ സംഘത്തെ ഇസ്രായേൽ ഗസ്സയിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവർ ബന്ദികളെ മോചിപ്പിക്കുന്നതിനോ മുതിർന്ന ഹമാസ് നേതാക്കളെ കണ്ടെത്തുന്നതിനോ പ്രാപ്തരല്ല. ഇതിന് ഇനിയും കൂടുതൽ സൈനികരെ ആവശ്യമുണ്ടെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്. ബന്ദികളെ ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അതുകൊണ്ടാണ് തുരങ്കങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ വൈകുന്നതെന്നും മുതിർന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ഖാൻ യൂനിസിലെ തുരങ്കത്തിലാണ് ഒരു വിഭാഗം ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നും മുതിർന്ന ഹമാസ് നേതാവ് യഹ്യാ സിൻവാറും ഇവിടെയുണ്ടെന്നും ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സിൻവാറിനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും ബന്ദികളുടെ ജീവൻ അപകടത്തിലാക്കും. അതുകൊണ്ട് തുരങ്കങ്ങൾ മൊത്തത്തിൽ തകർക്കുന്നതിന് പകരം ഹമാസ് നേതാക്കളും പോരാളികളും ഒളിച്ചിരിക്കുന്ന ഭാഗങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും മുതിർന്ന ഇസ്രായേലി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ